ഇരിഞ്ഞാലക്കുട :ഏകാധിപത്യം കടന്നുവരാനുള്ള വഴികള്‍ ജനാധിപത്യത്തില്‍ത്തന്നെ ഉണ്ടെന്നും അതുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ ജനങ്ങള്‍ തന്നെ ജാഗ്രത പുലര്‍ത്തണമെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌കോളേജ് ചരിത്രവിഭാഗം സംസ്ഥാന സര്‍ക്കാരിന്കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ജനാധിപത്യാനന്തര കാലഘട്ടം ഇന്ത്യയില്‍ എന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്‌ലറും മുസ്സോളിനിയും ജനാധിപത്യപ്രക്രിയയിലൂടെ ഭരണത്തിലേറിയ വരാണ്.
സിസറോ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായി അറിയപ്പെട്ടിരുന്ന റോമന്‍ റിപ്പബ്ലിക്ക് സീസര്‍മാരുടെ ഏകാധിപത്യ ഭരണത്തിലേക്ക് പതിക്കാന്‍ കാരണമായത്. 70 കൊല്ലം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ജനാധിപത്യവും സമാനമായ അപകടസൂചനകളാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുവര്‍ണ്ണകാലം അവസാനിച്ചുവെന്നും ഏകാധിപത്യപ്രവണതകള്‍ കളംപിടിക്കുകയാണ് എന്നും സമീപകാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നു. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള
ഭരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിനെ സാധൂകരിക്കുന്നതാണ്. മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം ഭാഗികമായെങ്കിലും വിജയിച്ചുകഴിഞ്ഞൂ. ജനങ്ങളില്‍ ഭയം വിതയ്ക്കുന്നത് ഏകാധിപത്യത്തിന്റെ കടന്നുവരവിന് പാതയൊരുക്കാനാണ്. എന്നാല്‍ അടിയന്തരാവസ്ഥയെപ്പോലും കാറ്റില്‍ പറത്തിയ ഇന്ത്യന്‍ ജനതയുടെ വിവേക പൂര്‍ണ്ണമായ രാഷ്ട്രീയബോധത്തില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞൂ. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ഡോ.ലിഷ കെ.കെ., ഡോ.ജോര്‍ജ്ജ് അലക്‌സ്, ഡോ.ബിനു എം.ജോണ്‍, ഡോ.റോബിന്‍സണ്‍ പൊന്‍മിനിശ്ശേരി, ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഗോകുല്‍ മേനോന്‍, ജോണ്‍ യു.എ എന്നിവര്‍ സംസാരിച്ചു. ഉച്ചതിരിഞ്ഞ് പ്രൊഫ. സനന്ദ് സദാനന്ദ് പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യന്‍ ബഹുസ്വരത നേരിടുന്ന വെല്ലുവിളികള്‍ എന്നവിഷയത്തില്‍ ഓപ്പണ്‍ ഫോറം നടന്നു.പ്രൊഫ.ജോര്‍ജ്ജ് അലക്‌സ് മോഡറേറ്ററായി.