കര്‍ഷകരുടെ നടുവൊടിക്കുന്നത് കൃഷി നാശത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ത്ഥ വൃന്ദമാണെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. കര്‍ഷകരെ നിയമകുരുക്കില്‍ പെടുത്തി കോടതി കയറ്റി ഇറക്കുന്ന ഉദ്യോഗസ്ത്ഥ നടപടികള്‍ക്ക് മാറ്റം വരുത്തുവാന്‍ അതിവേഗ കാര്‍ഷിക അദാലത്തുകള്‍ മാത്രമാണ് പരിഹാരം. അയ്യന്‍ പട്ക്കയില്‍ വെള്ളക്കെട്ട് സൃഷ്ടിച്ച് കൃഷിനാശം വരുത്തുന്നവര്‍ക്കെതിരെ കര്‍ഷകര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും സ്വന്തം ജില്ലയില്‍ കൃഷിമന്ത്രി മൗനം തുടരുന്നത് അപലപനീയമെന്നും അദ്ദേഹം ആരോപിച്ചു.ആളൂര്‍ അയ്യന്‍പട്ക്ക കര്‍ഷക സംരക്ഷണ സമിതിയുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.2014 ഭൂ-മണലൂറ്റ് മാഫിയ അയ്യന്‍പട്ക്കയിലെ മണലിന്റ അളവ് പരിശോധന നടത്തിയതിന് ശേഷം, ആളൂര്‍ പഞ്ചായത്തിന്റെ മൗനാനുവാദത്തില്‍ കുടിവെള്ളത്തിന്റെ പേര് പറഞ്ഞ് വടിയന്‍ ചിറ കെട്ടി കടുത്ത വേനലില്‍ അന്‍പതേക്കറോളം വരുന്ന കൃഷി വെള്ളക്കെട്ടിനാല്‍ നശിപ്പിക്കല്‍ തുടങ്ങി. ഇടമലയാര്‍ വലതുകര കനാലിലൂടെ സമൃദ്ധിയായി കനാല്‍ ജലം വരുന്ന പ്രദേശത്ത് കുടിവെള്ള ക്ഷാമം എന്നത് പഞ്ചായത്തിന്റെ പൊള്ളയായവാദമാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.ഈ വിഷയത്തില്‍ നിരവധി പത്രവാര്‍ത്തകള്‍ വന്നിട്ടും മാറി മാറി വരുന്ന ആളൂര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ അയ്യന്‍ പട്ക്കയിലെ കര്‍ഷകരെ ദ്രോഹിക്കുന്ന നയമാണ് തുടര്‍ന്നത്. ഈ വര്‍ഷവും ചിറകെട്ടി കൃഷി നശിപ്പിച്ച് കളയുവാനാണ് പഞ്ചായത്ത് ശ്രമിക്കുന്നതെങ്കില്‍, പഞ്ചായത്ത് വിലയിട്ട് തങ്ങളുടെ കൃഷിഭൂമി ഏറ്റെടുക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.രാമന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പാടശേഖര സെക്രട്ടറിമാരായ ടോം കിരണ്‍, റോയ് പുല്ലോക്കാരന്‍ എന്നിവര്‍ കാര്‍ഷിക നിയമങ്ങളെ കുറിച്ച് വിശദീകരിച്ചു. ജൈവകര്‍ഷകരായ ഇ.ആര്‍. സജീവന്‍, ഉണ്ണി എടത്താടന്‍,മോഹനന്‍, ചാതേലി അന്തോണി, കെ.വി. അരവിന്ദാക്ഷന്‍, വിജയന്‍ അവിട്ടത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.