തൃശൂർ:കൊറോണ രോഗലക്ഷണങ്ങളുമായി തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഫെബ്രുവരി 10 തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്‌തെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ് അറിയിച്ചു.തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്കാസ്ഥാന ആശുപത്രി, ഒരു സ്വകാര്യ ആശുപത്രി എന്നിവയിലെ ഓരോ പേർ വീതമാണ് ഡിസ്ചാർജ് ആയത്. നിലവിൽ ആശുപത്രികളിൽ ആറ് പേർ നിരീക്ഷണത്തിലുണ്ട്. നാല് പേർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേർ ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിലുമാണ്. വീടുകളിൽ ആകെ 234 പേരാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച മൂന്ന് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 59 പേരുടേതായി 86 സാമ്പിളുകളാണ് ആകെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പുതിയതായി പോസിറ്റീവ് ഫലം ഒന്നുമില്ല. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഒരു സാമ്പിളിന്റെ ഫലം നെഗറ്റീവ് ആണ്. ഇനി ഒരു സാമ്പിളിന്റെ ഫലം വരാനുണ്ട്. കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിൽ രണ്ടു പേർ കൂടി തിങ്കളാഴ്ച അറസ്റ്റിലായി. തൃശൂർ റൂറൽ പോലീസിന് കീഴിലെ എങ്ങണ്ടിയൂർ അറയ്ക്കപറമ്പിൽ വീട്ടിൽ വേണുഗോപാൽ (55), മകൻ അഖിൽ വേണുഗോപാൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ 14 പേർ അറസ്റ്റിലായി. റൂറൽ പോലീസ് ആറ് പേരെയും സിറ്റി പോലീസ് എട്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്.28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് അതിന് ശേഷം സാധാരണ ജീവിതം നയിക്കാവുന്നതാണ്. ഇവരിൽ നിന്ന് രോഗപകർച്ച ഉണ്ടാവില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നു.ജില്ലയിൽ തിങ്കളാഴ്ച 3,403 പേർക്ക് ബോധവത്കരണ ക്ലാസ് നൽകി. ആകെ 66,699 പേർക്ക് ക്ലാസുകൾ നൽകി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം അകറ്റാനായി സാന്ത്വനമേകി കൗൺസലർമാർ സദാസമയവും രംഗത്തുണ്ട്. ഇതിന് ജനങ്ങളുടെ പിന്തുണ കൂടി ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.കളക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.