തിരുവന്തപുരം : കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലാകെ 30 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഒന്നും മെഡിക്കല്‍ കോളേജില്‍ 19 ഉം ജനറല്‍ ആശുപത്രിയില്‍ 10 പേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ 25 പേരെ കൂടി പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 211 ആണ്. ജനറല്‍ ആശുപത്രിയില്‍ നിന്ന് രണ്ടും മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ടും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒന്നും ഉള്‍പ്പെടെ 5 സാമ്പിളുകള്‍ കൂടി ഇന്ന് പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 73 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 45 സാമ്പിളുകളുടെ ഫലം ലഭിച്ചു. 28 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. പുതുതായി പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രോഗം ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമാണ്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി 191 ഐസൊലേഷന്‍ മുറികള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണസംവിധാനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പരിശീലന പരിപാടികളും വിപുലമായി സംഘടിപ്പിച്ചു. 173 അങ്കണവാടി പ്രവര്‍ത്തകര്‍ക്കും 1307 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും 261 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 279 ജനപ്രതിനിധികള്‍ക്കും ഉള്‍പ്പെടെ 15984 പേര്‍ക്ക് ഇന്ന് മാത്രം പരിശീലനം നല്‍കി. ഇതിനകം 36281 പേര്‍ക്ക് ജില്ലയില്‍ ഒട്ടാകെ പരിശീലനം നല്‍കി കഴിഞ്ഞു. വിവിധ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. പുത്തന്‍ചിറയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുന്നു.