ഇരിങ്ങാലക്കുട: കൊല്ലാട്ടി ഉത്സവത്തോടനുബന്ധിച്ച് വിൽപനക്കെത്തിച്ച ആയിരത്തി അഞ്ഞൂറു പായ്ക്കറ്റ് ഹാൻസുമായി ഒരാൾ അറസ്റ്റിലായി. കരുപ്പടന്ന സ്വദേശി മാക്കാന്തറ വീട്ടിൽ നൗഷാദിനെയാണ്(46 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വർഗ്ഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സി.ഐ. പി.ആർ ബിജോയ്, റൂറൽ ക്രൈംബ്രാഞ്ച് എസ് ഐ. എം.പി.മുഹമ്മദ് റാഫി എന്നിവരുടെ സംഘം പിടികൂടിയത്.മീൻ വിൽപ്പനക്കാരനായ ഇയാൾ ഇതിന്റെ മറവിൽ ഹാൻസ് വിൽപ്പനയും നടത്തി വരികയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന ഹാൻസ് ആണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.പായ്ക്കറ്റ് ഒന്നിന് അമ്പതു രൂപയ്ക്കാണ് വിറ്റിരുന്നത്. വിപണിയിൽ എഴുപത്തയ്യായിരം രൂപയോളം വിലവരുമെന്നാണ് വിവരം. മൂന്നിരട്ടി ലാഭത്തിനാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. കരൂപ്പടന്ന സ്കൂളിന് മുൻവശത്തു നിന്നും ഇന്നു രാവിലെയാണ് ചാക്ക് നിറയെ ഹാൻസുമായി ഇയാൾ പിടിയിലായത്.വിദ്യാർത്ഥികളും അന്യസംസ്ഥാന ജീവനക്കാരുമാണ് പ്രധാനമായും ഇയാളുടെ ഉപഭോക്താക്കൾ..ഉത്സവ സീസൺ വിൽപനക്കായി കൊണ്ടുവന്ന ഹാൻസാണ് പിടികൂടിയത്. സമാന കേസിൽ ഇയാളെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ട്. ഉത്സവ സീസനോടനുബന്ധിച്ച് അനധികൃത മദ്യം, ലഹരിമരുന്നു വിൽപനക്കെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, എം.കെ.ഗോപി, കെ.വി.ജസ്റ്റിൽ, ജി.എസ്. സി.പി.ഒ ഇ.എസ്. ജീവൻ, എം.വി.മാനുവൽ എന്നിവരാണ് പോലിസ് സംഘത്തിൻ ഉണ്ടായിരുന്നത്