Home NEWS എ.ടി.എം തകർത്ത് മോഷണശ്രമം: പ്രതി മൂന്നു മാസങ്ങൾക്കു ശേഷം പിടിയിൽ

എ.ടി.എം തകർത്ത് മോഷണശ്രമം: പ്രതി മൂന്നു മാസങ്ങൾക്കു ശേഷം പിടിയിൽ

ആളൂർ: കുഴിക്കാട്ടുശേരിയിലെ സ്റ്റേറ്റ് ബാങ്ക് എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരൻ ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും പിടികൂടി.വരന്തരപ്പിള്ളി ആശാരിപ്പാറ സ്വദേശി തെക്കേയിൽ വീട്ടിൽ ജോസഫിന്റെ മകൻ ഷിജോ ജോസഫ് (25 വയസ്) ആണ് പിടിയിലായത്.ആളൂർ കുഴിക്കാട്ടുശേരിയിലെ മറിയംത്രേസ്യ ആശുപത്രിക്കു സമീപത്തെ സ്റ്റേറ്റ് ബാങ്ക് എടിഎം കഴിഞ്ഞ നവമ്പർ മാസം അവസാനത്തോടെ ആരോ കുത്തിത്തുറന്ന് മോഷണം നടത്തുവാൻ ശ്രമിച്ചിരുനഎടിഎം മെഷീന്റെ മുൻവശത്തെ ഇരുമ്പ് കാബിനറ്റ് തകർത്തെങ്കിലും പണമടങ്ങിയ ട്രേ തുറക്കാൻ ശ്രമിച്ചതോടെ അലാറം മുഴങ്ങുകയും മോഷ്ടാവ് ഇറങ്ങി ഓടുകയുമായിരുന്നു. അലാറം മുഴങ്ങിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിൽ എടിഎം മെഷീനിന്റെ മുൻഭാഗം തകർത്ത നിലയിൽ കണ്ടെത്തി.ഇതിനെ തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് എടിഎം കൗണ്ടറിലെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് എടിഎം കൗണ്ടറിനുള്ളിൽ പ്രവേശിക്കുന്നതും മെഷീൻ തകർക്കാൻ ശ്രമിക്കുന്നതുമെല്ലാം കാണാനായി. എങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിനെ തിരിച്ചറിയാനാവുമായിരുന്നില്ലബാങ്ക് മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ത്വരിതമായ അന്വേഷണമാരംഭിച്ചു.സമീപ പ്രദേശങ്ങളിലെ ആറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പ്പോൾ എടിഎം കൗണ്ടർ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് രണ്ടു പേർ ബൈക്കിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. എങ്കിലും തിരിച്ചറിയാനാകാത്ത വിധം അവ്യക്തമായ ദുശ്യങ്ങളാണ് ലഭിച്ചത്.ഇതിനെ തുടർന്ന് സമാനമായ കുറ്റകൃത്യത്തിൽ പിടിയിലായ കേരളത്തിനകത്തേയും പുറത്തേയും കുറ്റവാളികളെ ചുറ്റിപ്പറ്റിയായി അന്വേഷണം. ഇതും വിജയിക്കാതായതോടെ തൃശ്ശൂർ എറണാകുളം പാലക്കാട് ജില്ലകളിലെ പ്രത്യേകിച്ച് സംഭവം നടന്ന പ്രദേശത്തെ ക്രിമിനലുകളെ പറ്റി വിശദമായ അന്വേഷണമാരംഭിച്ചു.ഇതിലൂടെ ക്രിമിനൽ പശ്ചാതലമുള്ള ഷിജോയുടെ ഭാര്യ വീട് സമീപ പ്രദേശത്താണെന്ന് കണ്ടെത്തിയത്.ഷിജോയിൽ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചതോടെ സംഭവം നടന്ന ദിവസം ഇയാൾ ഈ ഭാഗത്തുണ്ടായിരുന്നതായും പിന്നീട് വയനാട്ടിലേക്ക് കടന്നതായും കണ്ടെത്തി. വയനാട്ടിലെ പുൽപ്പള്ളിയിൽ റബ്ബർ ടാപ്പിംഗിനായി പോയതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഷിജോ മൈസൂരിലേക്ക് പോയതായി വ്യക്തമായി. തുടർന്ന് മൈസൂരിലെത്തി നടത്തിയ അന്വേഷണത്തിനിടെ പോലീസ് അന്വേഷിക്കുന്നതായി സൂചന ലഭിച്ച ഷിജോ തന്ത്രപരമായി അവിടെ നിന്നും മുങ്ങുകയും ചെയ്തതോടെ അന്വേഷണ സംഘത്തിന് ഇയാളിലുള്ള സംശയം ബലപ്പെട്ടു.ഇതോടെ ഷിജോയുമായി ബന്ധമുള്ളവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ചതിൽ നിന്നും ഇയാൾ കൊടകര നെല്ലായിക്കു സമീപം പന്തല്ലൂർ ഭാഗത്തുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെ പന്തല്ലൂർ – നന്തിപുലം റൂട്ടിലെ വിശാലമായ ജാതി തോട്ടത്തിനു നടുവിലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നും പിടിയിലാവുകയായിരുന്നു. എടിഎം കൗണ്ടർ തകർത്തതിനെപ്പറ്റി ചോദിച്ചപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു.പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ് ഐ സുശാന്ത് കെ.എസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മാപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു.സി ൽജോ, എ.യു റെജി, ഷിജോ തോമസ്, ആളൂർ സ്റ്റേഷനിലെ അഡീഷനൽ എസ് ഐ രവി എം.സി, സീനിയർ സിപിഒ വിനോദ് കുമാർ എം.ജി എന്നിവരാണ് ഉണ്ടായിരുന്നത്.പിടിയിലായ ഷിജോയെ ആളൂരിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ താൻ നിരവധി കേസുകളിൽ പ്രതിയാണെന്നും സുൽത്താൻ ബത്തേരിയിൽ കഞ്ചാവുമായി പിടിയിലായ പിതാവിനെ ജാമ്യത്തിൽ ഇറക്കുന്നതിനും മറ്റും പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് എടിഎം തകർക്കാൻ തീരുമാനിച്ചതെന്നും ഒരു സുഹൃത്തിനൊപ്പം അന്നേ ദിവസം പുലർച്ചെ എടിഎം കൗണ്ടറിലെത്തി ആയുധങ്ങളുപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങിയതിനെ തുടർന്ന് രക്ഷപെടുകയുമായിരുന്നുവെന്നും സമ്മതിച്ചു.
ഷിജോയെ പ്രസ്തുത എടിഎം കൗണ്ടറിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഷിജോ വെളിപ്പെടുത്തിയ കാര്യങ്ങളെപ്പറ്റിയും ഒളിപ്പിച്ച ആയുധങ്ങൾക്കായും കൂടെയുണ്ടായിരുന്നുവെന്ന് പറയുന്ന സുഹൃത്തിനെപ്പറ്റിയും വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി ഷിജോയെ ചാലക്കുടി കോടതിയിൽ ഹാജരാക്കും.

Exit mobile version