ഇരിങ്ങാലക്കുട : ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കണമെന്നാവശ്യപ്പെടുകൊണ്ട് കാട്ടൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വൈകീട്ട് 4 മണിക്ക് പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ അദ്ധ്യക്ഷതയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ദ ഹിന്ദു പത്രത്തിന്റെ റീജണല്‍ എഡിറ്ററുമായിരുന്ന സി.ഗൗരീദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ കവിയും ചിന്തകനുമായ പി.എന്‍.ഗോപീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം.കമറുദ്ദീന്‍ ഭരണഘടന ചൊല്ലി കൊടുത്തു. രാജലക്ഷ്മികുറുമാത്ത്, എ.എസ്.ഹൈദ്രോസ്, ഹസ്സന്‍കോയ, മുഹമ്മദാലി, ഇബ്രാഹീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, കലാസാഹിത്യരംഗത്തെ പ്രമുഖര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം കൊടുത്തു. പ്രശസ്തസാഹിത്യകാരന്‍ അശോകന്‍ചെരുവില്‍ സമ്മേളനത്തിന് സ്വാഗതം പറഞ്ഞു.