ഇരിങ്ങാലക്കുട: നഗരസഭയുടെ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ മുഴുവന്‍ നഷ്ടപരിഹാര തുകയും നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍. ഡി. ഒ യുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്ത നടപടി നഗരസഭയുടെ വീഴ്ചയെന്ന് എല്‍. ഡി. എഫ്, സര്‍ക്കാര്‍ അഭിഭാഷകന്റെ ഭാഗത്തു നിന്നുണ്ടായ വിഴ്ചയെന്ന് ഭരണകക്ഷിയംഗങ്ങള്‍, കേസ്സുമായി ബന്ധപ്പെട്ട് നഗരസഭ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ചിരുന്നതായി മുനിസിപ്പല്‍ സെക്രട്ടറി. ശനിയാഴ്ച ചേര്‍ന്ന അടിയന്തിര കൗണ്‍സിലില്‍ അജണ്ടകള്‍ക്കു ശേഷം എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. നഗരസഭ പണം കെട്ടിവക്കാതെ സര്‍ക്കാര്‍ വാഹനം ജപ്തി ചെയ്ത സംഭവത്തില്‍ നഗരസഭക്ക് വീഴ്ച സംഭവിച്ചുവെന്ന് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. കേസ്സ് നടത്തിപ്പു സംബന്ധിച്ച് നഗരസഭയുടെ അഭിഭാഷകര്‍ ഉത്തരവാദിത്വം നിര്‍വ്വഹിച്ചിട്ടില്ലെന്നും, സംഭവം പൊതുജനമധ്യത്തില്‍ നഗരസഭക്കു നാണക്കേടുണ്ടാക്കിയതായും പി. വി. ശിവകുമാര്‍ പറഞ്ഞു. കോടതി ഉത്തരവുകള്‍ നഗരസഭയെ അറിയിക്കുന്നതില്‍ നഗരഭയുടെ അഭിഭാഷകര്‍ക്കു വീഴ്ച സംഭവിച്ചതായി എല്‍. ഡി. എഫ്. അംഗം എം. സി. രമണനും പറഞ്ഞു. എന്നാല്‍ നിയമപരമായ നടപടികള്‍ നഗരസഭ സ്വീകരിച്ചിരുന്നതായി ഭരണകക്ഷിയംഗം അഡ്വ വി. സി. വര്‍ഗീസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോടതി ഉത്തരവ് കേസ്സിലെ ഒന്നാം കക്ഷിയായ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകനാണ് വീഴ്ച സംഭവിച്ചിട്ടുള്ളതെന്ന് അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. എന്നാല്‍ നഗരസഭ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ യോഗത്തില്‍ വിശദീകരണം നല്‍കിയ സെക്രട്ടറി കെ. എസ്. അരുണും പറഞ്ഞു. 1977 ലാണ് ബസ്സ് സ്റ്റാന്‍ഡ് വികസനവുമായി ബന്ധപ്പെട്ട് ഗണേശന്‍ ചെട്ടിയാര്‍, മാലതിയമ്മ എന്നിവരുടെ ഭൂമി ഏറ്റെടുക്കുന്നതിന് നടപടികള്‍ ആരംഭിക്കുന്നത്. 1982 ലാണ് ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ വരുന്നത്. നോട്ടിഫിക്കേഷന്‍ തിയ്യതി മുതലുള്ള പലിശ ലഭിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജിയില്‍ ഇരുവര്‍ക്കും അനുകൂലമായ കോടതി വിധി ഉണ്ടാകുകയായിരുന്നു. വിധിക്കെതിരെ സബ്ബ് കോടതിയില്‍ നല്‍കിയ അപ്പീലിലും നഗരസഭക്ക് അനുകൂല വിധി ഉണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കീഴ്‌ക്കോടതിയോട് വിഷയം പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് സബ്ബ്് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും സ്വകാര്യ വ്യക്തികള്‍ക്ക് അനൂകൂല വിധി ഉണ്ടാകുകയായിരുന്നു. എന്നാല്‍ കണക്കെടുപ്പില്‍ സംഭവിച്ച പിഴവ് കോടതിയെ ബോധ്യപ്പെടുത്തിയാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഇപ്പോള്‍ തന്നെ നല്‍കിയ കൂടുതലാണന്നും, പണം തിരികെ ലഭിക്കുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശവും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇത് കൗണ്‍സില്‍ യോഗ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. ഇവിടെ നിന്നും ഉപാധികളോടെയാണ് സ്‌റ്റേ ലഭിച്ചത്. സെക്യരിറ്റി ഡെപ്പോസിറ്റ് നല്‍കി രണ്ടു മാസത്തെ സ്‌റ്റേയാണ് ലഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാറുള്ളതു പോലെ പെഴ്‌സണല്‍ സെക്യുരിറ്റി നല്‍കിയെങ്കിലും സബ്ബ് കോടതി അത് സ്വീകരിക്കാതെ ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ നപടി സര്‍ക്കാര്‍ അഭിഭാഷകനടക്കം ഉണ്ടായിരുന്നിട്ടും ജില്ലാ ഭരണകൂടത്തിന്റെയോ, നഗരസഭയുടെയോ ശ്രദ്ധയില്‍പ്പെടുത്തിയിുന്നില്ല. കെട്ടിവെക്കേണ്ട സംഖ്യ സംബന്ധിച്ചും ക്യത്യത ഉണ്ടായിരുന്നില്ല. അടുത്ത ആഴ്ചയില്‍ ഹൈക്കോടതി ഈ കേസ്സ് വീണ്ടും പരിഗണിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനൂകൂല ഉത്തരവ് നേടാനാകുമെന്നും സെക്രട്ടറി കെ. എസ് അരുണ്‍ പറഞ്ഞു. 2019-2020 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭേദഗതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ഭേദഗതി വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് അവതരിപ്പിച്ചു. പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ ആയിരം രൂപയുടെയും, പട്ടികജാതി വിഭാഗത്തില്‍ മുപ്പത്തിയാറു ലക്ഷം രൂപയുടെയും പ്രവ്യത്തികള്‍ക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ധനകാര്യ ഫണ്ട് ഉപയോഗിച്ചുള്ള ഒരു കോടി നാല്‍പതു ലക്ഷം രൂപയുടെ പ്രവ്യത്തികള്‍ക്കും കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. തെരുവു വിളക്കുകല്‍ കത്താത്ത സംഭവത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷിയംഗങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. അറ്റകുറ്റപണികള്‍ നടത്തി ദിവസങ്ങള്‍ക്കകം തെരുവു വിളക്കുകള്‍ കത്തായതായി അംഗങ്ങള്‍ കുറ്റപ്പെടുത്തി. കരാറുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അഡ്വ വി. സി. വര്‍ഗീസ്, പി. വി. ശിവകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കരാറുകാര്‍ക്ക് ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് പറഞ്ഞു. അടിയന്തിരമായി കരാറുകാരുടെ യോഗം വിളിച്ചു ചര്‍ച്ച നടത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചു. നഗരസഭയിലെ വിവിധ റോഡുകകളുടെ അരികിലുള്ള മണ്ണ് നീക്കം ചെയ്യാത്തതു മൂലം വെള്ളം കെട്ടികിടന്ന് റോഡ് തകരുകയാണന്ന് വിവിധ അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി മണ്ണ് ലേലം ചെയ്തു കൊടുക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്..