മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണം

95

ഇരിങ്ങാലക്കുട : മുന്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടും മാതൃഭൂമി ലേഖകനുമായിരുന്ന മൂര്‍ക്കനാട് സേവ്യര്‍ ഓര്‍മ്മയായിട്ട് 14-1-2020 ന് 14 വര്‍ഷം പൂര്‍ത്തിയാകുന്നു. മാതൃകയില്ലാത്ത പ്രവര്‍ത്തനമായിരുന്നു .ഗ്രാമീണ പത്രപ്രവര്‍ത്തനം എപ്രകാരമായിരിക്കണമെന്നതിന് മാതൃഭൂമി അസ്സോസ്സിയേറ്റഡ് എഡിറ്ററായിരുന്ന സി .ഉത്തമക്കുറുപ്പ് കാണിച്ചു തരുന്നത് മൂര്‍ക്കനാട് സേവ്യറിന്റെ ശ്രദ്ധേയമായിരുന്ന റിപ്പോര്‍ട്ടുകളായിരുന്നു .മാത്രമല്ല പത്രപ്രവര്‍ത്തക ക്ലാസ്സില്‍ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു .സാധാരണക്കാരില്‍ ഒരുവനായി അവരുടെ മോഹവും ,മോഹഭംഗവും നിഷ്‌കളങ്കതയും അക്ഷരാര്‍ത്ഥത്തില്‍ ആത്മാര്‍ത്ഥമായി അവതരിപ്പിക്കാന്‍ സേവ്യറിന് സാധിച്ചു. സുഹൃത്തിനെപ്പോലെ മനഃപ്രയാസങ്ങള്‍ ഇറക്കി വെക്കുന്ന ഒരു അത്താണി കൂടിയായിരുന്നു ഈ പത്രപ്രവര്‍ത്തകന്‍ .
ഇന്നത്തെ പോലെ വിജ്ഞാനം വിരല്‍ത്തുമ്പോളം വളര്‍ന്നിട്ടില്ലാത്ത പരിമിതികള്‍ ഏറെയുള്ള അക്കാലത്ത് അന്നന്നത്തെ പ്രധാന സംഭവങ്ങള്‍ ആദ്യമായി തന്റെ പത്രത്തില്‍ പ്രകാശിതമാകണമെന്ന നിര്‍ബന്ധബുദ്ധി ,ശാരീരികാവശതകള്‍ പോലും മറന്ന് അദ്ദേഹം സാധിതപ്രായമാക്കി. അതുപോലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ,അവതരിപ്പിക്കുമ്പോള്‍ എന്തെന്നില്ലാത്തൊരൂര്‍ജ്ജം ഈ പത്രപ്രവര്‍ത്തകനില്‍ ആവേശിക്കുമായിരുന്നു .വളര്‍ന്ന് വരുന്ന തലമുറകളാണ് നാടിന്റെ നട്ടെല്ലാവേണ്ടതെന്ന വാസ്തവം ഇത്രമാത്രം ഉള്‍കൊണ്ട പത്രപ്രവര്‍ത്തകര്‍ വിരളമായിരിക്കും. മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പ്രസ്ഥാനത്തിലൂടെ തലമുറകളെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ കറകളഞ്ഞ മാതൃകകളാക്കി മാറ്റാനുള്ള നിയോഗം സേവ്യര്‍ ഏറ്റെടുത്തു. കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസനകളെ തട്ടിയുണര്‍ത്തുന്നതോടൊപ്പം അവരില്‍ നേതൃത്വപാടവം വളര്‍ത്തിയെടുക്കുവാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു .ഇരിങ്ങാലക്കുടയിലെ മാതൃഭൂമി ശക്തി സ്റ്റഡി സര്‍ക്കിളിലൂടെ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് കരസ്ഥമാക്കിയ കവിതാ ബാലകൃഷ്ണന്‍ ,ഡോ.കെ .ആര്‍ രാജീവ് ,ജയന്തി തുടങ്ങിയവരും ഈ പത്രപ്രവര്‍ത്തകന്റെ ശിക്ഷണത്തില്‍ വളര്‍ന്നവരാണ് .പലര്‍ക്കും അറിയാത്ത മറ്റൊരു വാസ്തവം കൂടി സേവ്യറിന്റെ ജീവിതത്തോട് ഇഴചേര്‍ന്ന് കിടക്കുന്നു .അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ അനുഗ്രഹീത എഴുത്തുകാരന്‍ ടി .വി കൊച്ചുബാവ ,തന്റെ ‘പെരുകളിയാട്ടം’ എന്ന കൃതി സമര്‍പ്പിച്ചിരിക്കുന്നത് സേവ്യറിനാണെന്നത് പത്രപ്രവര്‍ത്തകര്‍ക്കെല്ലാം എക്കാലവും അഭിമാനിക്കാവുന്ന കാര്യമാണ് .ഇങ്ങനെ ഇരിങ്ങാലക്കുടയുടെ സമഗ്ര വികസനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഈ പത്രപ്രവര്‍ത്തകനെ വേണ്ടത്ര മനസ്സിലാക്കാന്‍ നാം തയ്യാറായില്ല എന്ന വാസ്തവം അവശേഷിക്കുന്നു .ഓര്‍മകള്‍ക്ക് മുന്‍പില്‍ ചിരകാല സുഹൃത്ത് ശിരസ്സ് നമിക്കുന്നു .

ഉണ്ണികൃഷ്ണന്‍ കിഴുത്താണി

Advertisement