Home NEWS ‘കാവലാള്‍’ 28 ന് ഇരിങ്ങാലക്കുടയില്‍

‘കാവലാള്‍’ 28 ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വി-ക്യാന്‍ ക്യാന്‍സര്‍ ക്യാമ്പയ്‌നിന്റെ ഭാഗമായി ഡോ. വി.പി. ഗംഗാധരന്റെ ചികിത്സാനുഭവങ്ങളെ ആസ്പദമാക്കി കെ.എസ്. അനിയന്‍ രചിച്ച ‘ജീവിതമെന്ന അത്ഭുതം’ എന്ന പുസ്തകത്തിന് തൃശൂര്‍ രംഗചേതന ഒരുക്കിയിരിക്കുന്ന നാടകഭാഷ്യം ‘കാവലാള്‍’ ഡിസംബര്‍ 28 ശനിയാഴ്ച്ച വൈകീട്ട് 6:30 ന് ഇരിങ്ങാലക്കുട പാരിഷ് ഹാളില്‍ ഡോ. വി.പി ഗംഗാധരന്റെ സാന്നിദ്ധ്യത്തില്‍ അരങ്ങേറും.
പഞ്ചായത്തുകള്‍ തോറും ജീവിതശൈലി-ക്യാന്‍സര്‍ ബോധവല്‍കരണ ശില്‍പശാലകള്‍, ഏര്‍ളി ഡിറ്റക്ഷന്‍ ക്യാമ്പുകള്‍, റിഹാബിലിറ്റേഷന്‍ പ്രോഗ്രാം, പുസ്തകചര്‍ച്ച എന്നീ ലക്ഷ്യങ്ങളോടെയാണ് വി-ക്യാന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ ഇരുപതില്‍ പരം സാമൂഹ്യ സേവന സന്നദ്ധ സംഘടനകളുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആന്റി പ്ലാസ്റ്റിക് ക്യാമ്പയിനിന്റെ ഭാഗമായി തുണിസഞ്ചിയും വിഷന്‍ ഇരിങ്ങാലക്കുട വിപണിയില്‍ ഇറക്കുന്നുണ്ട് .
ഡോ.എന്‍. മോഹന്‍ദാസ് രചിച്ച് കെ.വി ഗണേഷ് സംവിധാനം ചെയ്ത് തൃശൂര്‍ രംഗചേതന അവതരിപ്പിക്കുന്ന ‘കാവലാള്‍ ‘ നാടകത്തിന്റെ കേരളത്തിലെ രണ്ടാമത്തെ വേദിയാണ് ഇരിങ്ങാലക്കുട. ഡിസംബര്‍ 28 ശനിയാഴ്ച്ച വൈകീട്ട് 6:30 ന് ഡോ വി.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ജനപ്രതിനിധികളും പൗരപ്രമുഖരും ചേര്‍ന്ന്് ദീപം തെളിയിച്ച് വി-ക്യാന്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് 6:45 ന് നാടകം ആരംഭിക്കുന്നതുമാണ്. നാടകത്തിന് മുന്‍പും ശേഷവും ഡോ. വി.പി. ഗംഗാധരനുമായി സംവദിക്കുതിനും അവസരമുണ്ടായിരിക്കും .
വിഷന്‍ ഇരിങ്ങാലക്കുടയുടെ രക്ഷാധികാരി ഫാ. ജോണ്‍ പാലിയേക്കര, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്. ജെ. ചിറ്റിലപ്പിള്ളി, കണ്‍വീനര്‍ സുഭാഷ് കെ.എന്‍., കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് കോക്കാട്ട്, കോ-ഓര്‍ഡിനേറ്റര്‍മാരായ എം. എന്‍. തമ്പാന്‍, ഷെയ്ഖ് ദാവൂദ്, ഷാജു പാറേക്കാടന്‍, ടെല്‍സ കോേട്ടാളി, സുരേഷ് എ.സി., റോസിലി പോള്‍ തട്ടില്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version