ഇരിങ്ങാലക്കുട : പൊതുജീവിതത്തിന്റെ ഏതു മേഖലയിലും ക്രൈസ്തവര്‍ നന്മയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നവരാകണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ലോകത്തില്‍ അവര്‍ ക്രിസ്തു സന്ദേശത്തിന്റെ സംവാഹകരാകണം.
ആളൂര്‍ ബിഎല്‍എം മാര്‍ തോമ സെന്ററില്‍ ഇരിങ്ങാലക്കുട രൂപത മുഖപത്രമായ ‘കേരളസഭ’യുടെ കുടുംബസംഗമവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ ജീവിതത്തിന്റെ മാര്‍ഗദര്‍ശക ദീപം ക്രിസ്തുവാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മനസ്സ് പതറാതെ ക്രിസ്തുവിലുള്ള വിശ്വാസം ദൃഢതരമാക്കി നാം മുന്നോട്ട് പോകണം.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്ര നിര്‍മിതിയിലും രാജ്യത്തിന്റെ പുരോഗതിയിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള ക്രൈസ്തവ സമൂഹം ഇന്ന് ആ രംഗത്തുനിന്ന് പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വേണ്ടത്ര മക്കളില്ലാത്ത കുടുംബങ്ങള്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവ കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകേണ്ടതിന്റെ അടിയന്തര പ്രാധാന്യമാണ് ഇതു സൂചിപ്പിക്കുന്നത്.
ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ ‘കേരളസഭാതാരം’ അവാര്‍ഡ് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫിനും ‘സേവന പുരസ്‌ക്കാരം’ അവാര്‍ഡുകള്‍ മലയാള മനോരമ മുന്‍ അസി. എഡിറ്റര്‍ ശ്രീ. ജോസ് തളിയത്ത്, രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ. ഷിബു കെ. ജോസഫ് എന്നിവര്‍ക്കും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കി. കേരളസഭ പ്രസിദ്ധീകരിച്ച തൂലികയും പടവാളും, രക്തനക്ഷത്രം എന്നീ പുസ്തകങ്ങള്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു. വര്‍ണ്ണക്കൂട്ട് ചിത്രരചനാ മത്സരം, ദാബാര്‍ ക്വിസ് മത്സരം, രചനാ മത്സരം എന്നിവയിലെ വിജയികള്‍ക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര, മാനേജിംഗ് എഡിറ്റര്‍ ഫാ. വില്‍സന്‍ ഈരത്തറ, അസി. മാനേജിംഗ് എഡിറ്റര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ഫാ. ടിന്റോ കൊടിയന്‍, ഫാ. ലിജോ കരുത്തി, ഫാ. ജിജോ വാകപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.പി. ജോണി നന്ദി പറഞ്ഞു.