ഇരിങ്ങാലക്കുട : സ്വര്‍ഗ്ഗവാതില്‍, അമ്മ മനസ്സ, എന്നീ ടെലി സിനിമകളുടെ വന്‍ വിജയത്തിന് ശേഷം ഇരിങ്ങാലക്കുടക്കാരന്‍ തോമസ് ചേനത്തുപറമ്പില്‍ കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ടെലി സിനിമയാണ് ‘ഭൂമിയിലെ മാലാഖമാര്‍’ ഭിന്ന ശേഷിക്കാരനായ യുവാവിന്റേയും അവനെ നെഞ്ചേറ്റി വളര്‍ത്തുന്ന അവന്റെ പ്രിയങ്കരിയായ അമ്മയുടേയും സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ഭൂമിയിലെ മാലാഖമാര്‍ എന്ന ടെലി ഫിലിം ഡിസംബര്‍ 25 ന് ക്രിസ്തുമസ്സ് നാളില്‍ ഗുഡ്നസ്സ് ടി.വി.യില്‍ ടെലികാസ്റ്റ് ചെയ്യുന്നു. മലയാള സിനിമ സീരിയല്‍ നടിയായ റോസ്സിലിന്‍ ഇതിലെ അമ്മയുടെ വേഷം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഭിന്നശേഷിക്കാരനും, ഭിന്നശേഷിക്കാരുടെ ഒളിംമ്പിക്സില്‍ സ്റ്റാന്റിങ് ലോങ്ജംപിലും, സെഫ് ബോള്‍ ത്രോയിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 2016ലും, 2018ലും തുടര്‍ച്ചയായി സംസ്ഥാന ചാമ്പ്യനായ ഇരിങ്ങാലക്കുട എടത്തിരിഞ്ഞി പോത്താനി സ്വദേശിയുമായ ശിവപ്രസാദ് എന്ന യുവാവാണ് ഭിന്നശേഷിക്കാരന്റെ വേഷം അഭിനയിച്ചീരിക്കുന്നത്. ഭിന്നശേഷിക്കാരില്‍ ജില്ലാ തലത്തില്‍ ഗാനാലാപനത്തിനും മറ്രും പല തവണ അവാര്‍ഡുകള്‍ നേടിയ ശിവപ്രസാദ് ഇരിങ്ങാലക്കുട പ്രതീക്ഷാ ഭവനിലെ വിദ്യാര്‍ത്ഥിയാണ്. സിനിമയില്‍ ആദ്യമായാണ് യഥാര്‍ത്ഥ ഭിന്നശേഷിക്കാരനായ ഒരാള്‍ ഭിന്നശേഷിക്കാരനായ നായകവേഷം അഭിനയിക്കുന്നത്. ഗുഡ്നസ്സ് ടി.വി.ക്ക് വേണ്ടി ഈ ചിത്രം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുടക്കാരനും പ്രവാസി വ്യവസായിയുമായ ക്ലിറ്റസണ്‍ തെക്കേക്കരയാണ്. അദ്ദേഹം ഇതില്‍ അഭിനയിക്കുന്നുമുണ്ട്.