ആളൂര്‍ : രാഷ്ട്ര നിര്‍മാണത്തിന്റെ സമസ്ത മേഖലകളിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവ സമൂഹം ഇന്ന് അവഗണനയും അകറ്റിനിര്‍ത്തലും നേരിടുകയാണെന്നും അത് എന്തുകൊണ്ടാണെന്ന് നാം ആത്മപരിശോധന നടത്തണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ക്രൈസ്തവ സമൂഹം ന്യൂനപക്ഷമെന്ന നിലയില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും സ്വയം അടിയറവു വയ്ക്കുകയും അവ നേടുന്നതില്‍ അനാസ്ഥ കാട്ടുകയുമാണ്. സര്‍ക്കാര്‍ സര്‍വീസിലുള്‍പ്പെടെ നീതിന്യായ പീഠങ്ങളിലും മാധ്യമരംഗത്തും അടിക്കടി ക്രൈസ്തവരുടെ പ്രാതിനിധ്യം കുറഞ്ഞു വരുന്നത് രാഷ്ട്ര നിര്‍മാണ യത്നങ്ങളില്‍ നിന്ന് വിദൂരമല്ലാത്ത ഭാവിയില്‍ അവര്‍ പൂര്‍ണമായി മാറ്റി നിര്‍ത്തപ്പെടുന്നതിനു വഴിതെളിക്കും.ഇരിങ്ങാലക്കുട രൂപത പ്രസിദ്ധീകരണമായ ‘കേരളസഭ’യുടെ നേതൃത്വത്തില്‍ കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നടന്ന ‘മതനിരപേക്ഷത : തത്വവും പ്രയോഗവും സമകാലിക ഇന്ത്യയില്‍’ എന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ പോളി കണ്ണൂക്കാടന്‍.ഹൈക്കോടതി റിട്ട. ജസ്റ്റിസ് ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. ജോര്‍ജ് കോലഞ്ചേരി, ഡോ. മേരി റെജീന, റവ. ഡോ. അഗസ്റ്റിന് പാംപ്ലാനി, ഫാ. ജോര്‍ജ് പാലമറ്റം, അഡ്വ. കെ. ജെ. ജോണ്സണ്, ജിജോ സിറിയക്, ഡോ. ഇ. എം. തോമസ്, മാനേജിംഗ് എഡിറ്റര്‍ ഫാ. വില്സന് ഈരത്തറ എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര അധ്യക്ഷത വഹിച്ചു. ഫാ. ജോളി വടക്കന്‍ മോഡറേറ്ററായിരുന്നു. ഫാ. ലിജു മഞ്ഞപ്രക്കാരന്‍ നന്ദി പറഞ്ഞു