ഇരിങ്ങാലക്കുട : കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നായ ഇരിങ്ങാലക്കുടബ്ലോക്ക് പഞ്ചായത്ത് ഗുണമേന്മയാര്‍ന്ന സേവന സാഹചര്യങ്ങള്‍ ഒരുക്കികൊണ്ട് അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്തി. സര്‍ക്കാര്‍ ഏജന്‍സിയായ ‘കില’വഴി ഐ.എസ്.ഒ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിയും ഇനി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടേയും സംസ്ഥാന പദ്ധതികളുടേയും പ്രധാന നടത്തിപ്പ് ഏജന്‍സി എന്ന നിലയിലും ജില്ല-ഗ്രാമപഞ്ചായത്തുകളുടെ ഏകോപന ഏജന്‍സി എന്ന രീതിയിലും സങ്കീര്‍ണ്ണങ്ങളായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് പുറമെ മാലിന്യ സംസ്‌ക്കരണമേഖലയിലും കാര്‍ഷികമേഖലയിലും ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചയാത്ത് ഹാളില്‍ വെച്ച് നടത്തുന്ന ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപന ചടങ്ങ് ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം ഓഫീസര്‍, തൃശ്ശൂര്‍ അസി. ഡെവലപ്മെന്റ് കമ്മീഷണര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ററാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.