ഇരിങ്ങാലക്കുട : തീര്‍ച്ചയായും ഞങ്ങളും കഴിവുള്ളവരാണ് എന്ന് തെളിയിച്ചുകൊണ്ട് 25 ല്‍ പരം ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്നില്‍ കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന വലിയ സദസ്സ് വിസ്മയഭരിതരായി. ‘വി സ്‌മൈലിന്റെ’ ആഭിമുഖ്യത്തില്‍ ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന സന്ദേശവുമായി സെപ്തംബര്‍ 17 ന് കാസര്‍ക്കോഡ് നിന്നാരംഭിച്ച കലാജാഥക്ക് തൃശ്ശര്‍ ജില്ലയിലെ ഏക കേന്ദ്രമായ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വേദിയായി. നമ്മുടെ ഇരിങ്ങാലക്കുട ജോ.സെക്രട്ടറി പ്രിജോ റോബര്‍ട്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വി.സ്‌മൈലിന്റെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഭിന്നശേഷിക്കാരായ കുട്ടികളെ 18 വയസ്സിന് ശേഷവും സംരക്ഷിച്ച്, തൊഴില്‍പരമായ പരിശീലനം നല്‍കി, സമൂഹത്തിലെ അംഗീകാരം സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന ഒരു വേറിട്ട സ്ഥാപനമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വി സ്‌മൈല്‍ വൊക്കേഷണല്‍ സെന്റര്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ്’ (We Smile Vocational Centre for Differently Abled) എന്ന സംരംഭം.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ്‌മേനോന്‍, പ്രിന്‍സിപ്പല്‍ കെ.എ.സീമ, വെള്ളാങ്ങല്ലൂര്‍ സിപിഒ ഇ.എസ്.പ്രസീദ, പിടിഎ പ്രസിഡന്റ് എം.എ.ദേവാനന്ദന്‍, NIPMR കല്ലേറ്റുങ്കര ജോയിന്റ് ഡയറക്ടര്‍ ഡോ.ചന്ദ്രബാബു, സമാജം ഭരണസമിതിഅംഗം ഇ.ബാബുരാജ്, നമ്മുടെ ഇരിങ്ങാലക്കുട ട്രസ്റ്റി ജീസ് ലാസര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജി.സജന്‍ നന്ദി പറഞ്ഞു.