ഇരിങ്ങാലക്കുട : 36-ാമത് അഖിലകേരള ഡോണ്‍ ബോസ്‌കോ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഡോണ്‍ബോസ്‌കോ ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. ബാംഗ്ലൂര്‍ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ.ജോയ് തോണിക്കുഴിയില്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് മുറികളില്‍ നടക്കുന്ന അക്കാദമിക പഠനങ്ങളുടെ തുടര്‍ച്ചയാണ് കായിക വിദ്യഭ്യാസമെന്നും പരാജയങ്ങളെ തള്ളിക്കളഞ്ഞ് വിജയ സോപാനമേറാന്‍ കായിക വിദ്യഭ്യാസം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.മാനുവല്‍ മേവട അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ ഡേവീസ് മത്സരത്തിനെത്തിയ ടീമുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.കുര്യാക്കോസ് ശാസ്താംകാല, ബാസ്‌ക്കറ്റ് ബോള്‍ ജില്ലാ അസോസിയേഷന്‍ സെക്രട്ടറി പി.സി.ആന്റണി, ഐ.സി.എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍സണ്‍ മുളവരിക്കല്‍, ആത്മീയാചാര്യന്‍ ഫാ.ജോസിന്‍ താഴത്തട്ട്, എല്‍.പി.വിഭാഗം പ്രാധാനധ്യാപിക സി.വി.പി.ഓമന, പി.ടി.എ.പ്രസിഡന്റ് ഇ.കെ.തിലകന്‍, ടെല്‍സണ്‍ കോട്ടോളി, സജിത്ത് എം.ബി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് മനീഷ് അരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ആദ്യ മത്സരത്തില്‍ തന്നെ ഡോണ്‍ബോസ്‌കോ ഹയര്‍സെക്കണ്ടറി, എം.എ.എം.എച്ച്.എസ്.എസ്. കൊരട്ടിയെ (28-46) പരാജയപ്പെടുത്തി.