Home NEWS ഇന്ത്യന്‍ ജനാധിപത്യം അപകടാവസ്ഥയില്‍- അഡ്വ. പി. രാജീവ്

ഇന്ത്യന്‍ ജനാധിപത്യം അപകടാവസ്ഥയില്‍- അഡ്വ. പി. രാജീവ്

ഇരിങ്ങാലക്കുട :ജനാധിപത്യ മൂല്യങ്ങള്‍ അനുദിനം ബലികഴിക്കപെട്ടുകൊണ്ടിരിക്കുന്ന അതീവ ദുര്‍ഘടാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നു ദേശാഭിമാനി ചീഫ് എഡിറ്റര്‍ അഡ്വ. പി. രാജീവ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട എസ്. എന്‍ ക്ലബ് ഹാളില്‍ വച്ച് നടന്ന പ്രൊഫ. ഇ.കെ.നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇ കെ എന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്തി പതിന്മടങ്ങ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.ഇ.കെ.എന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം ഇരിങ്ങാലക്കുട പ്രസിഡന്റ് പ്രൊഫ. എം. കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി ഇ.വിജയകുമാര്‍ സ്വാഗതം പറഞ്ഞു. പടിയൂര്‍ പഞ്ചായത്തില്‍ നടത്തിയ പ്രളയാനന്തര പഠന റിപ്പോര്‍ട്ട് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. എസ്. സുധന്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന് കൈമാറി. സാക്ഷര കേരളത്തില്‍ നിന്ന് നവ കേരളത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി കില ഫാക്കല്‍റ്റി മെമ്പര്‍ ടി ഗംഗാധരന്‍ പ്രഭാഷണം നടത്തി. പി എന്‍ ലക്ഷ്മണന്‍ പരിപാടിക്ക് നന്ദി പറഞ്ഞു.

 

Exit mobile version