ഇരിങ്ങാലക്കുട:അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പെരുമഴയില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ്. കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന ആദ്യ ട്രക്ക് രാവിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം ഫ്‌ളാഗ് ഓഫ് ചെയ്തു.വിവിധ റൂട്ടു കളിലായി പരമാവധി വീടുകള്‍ സന്ദര്‍ശിച്ചു വോളന്റിയര്‍മാര്‍ ശേഖരിച്ച അവശ്യ വസ്തുക്കള്‍ പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച മലപ്പുറം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യും. നേരത്തെ, തൃശൂരിലെയും ഇരിഞ്ഞാലക്കുടയിലെയും പ്രളയ ബാധിതമായ വീടുകള്‍ വൃത്തിയാക്കാന്‍ എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ ക്ലീനിംഗ് കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സമയോചിതമായ ഇടപെടലുമായി മുന്നോട്ടുവന്ന വിദ്യാര്‍ഥികളെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ എന്നിവര്‍ അഭിനന്ദിച്ചു.