Home NEWS ദുരിതകയത്തിലകപ്പെട്ട് അമ്പതോളം കുടുംബങ്ങള്‍.

ദുരിതകയത്തിലകപ്പെട്ട് അമ്പതോളം കുടുംബങ്ങള്‍.

നടവരമ്പ്: മാനത്ത് മഴക്കാറൊന്ന് കണ്ടാല്‍ നെഞ്ചിനകത്ത് പിടപ്പുമായ് അമ്പതോളം കുടുംബങ്ങള്‍. നടവരമ്പ് ചിറവളവ് പുഞ്ചപ്പാടം പ്രദേശത്ത് ഇരുപത്തിയഞ്ചിലധികം വര്‍ഷമായി സ്ഥിരതാമസം നടത്തുന്ന കുടുംബങ്ങളാണ് ദുരിതക്കയത്തില്‍ അകപ്പെട്ട് ജീവിക്കുന്നത്. കഴിഞ്ഞ പ്രളയക്കെടുതിയില്‍ മുങ്ങി പോയ പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടം. നടവരമ്പ് പൊയ്യ ചിറയില്‍ നിന്ന് വരുന്ന വലിയതോടിന്റെ പല ഭാഗങ്ങളും കവിഞ്ഞാണ് കുടുംബങ്ങളിലേക്ക് വെള്ളം കയറുന്നത്. ഇരുപതോളം വര്‍ഷമായി ഈ പെരുംതോടിന്റെ ആഴമെടുത്തിട്ട്. പലയിടങ്ങളിലും മണ്ണ് മൂടി കിടക്കുന്നതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമെന്ന് പ്രദേശവാസികളായ നാട്ടുകാര്‍ പറയുന്നു. നിരവധി വട്ടം വേളൂക്കര പഞ്ചായത്തില്‍ തങ്ങളുടെ വിഷമങ്ങള്‍ അറിയിച്ചിട്ടും പഞ്ചായത്ത് കയ്യൊഴിയുകയും ഇറിഗേഷന്‍ വകുപ്പാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യേണ്ടത് എന്ന് അറിയിച്ച് കൈ മലര്‍ത്തുകയുമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ ആവശ്യമായ ഇടപ്പെടല്‍ ഉണ്ടാകുമെന്നു ഉറപ്പ് നല്‍കുമ്പോഴും അധികാരികളുടെ നിഷ്‌ക്രിയമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്

 

 

Exit mobile version