Home NEWS കെ.എസ്.ആര്‍.ടി.സി.യുടെ മറ്റൊരു ബസ്സിനു കൂടി മരണമണി

കെ.എസ്.ആര്‍.ടി.സി.യുടെ മറ്റൊരു ബസ്സിനു കൂടി മരണമണി

ഇരിങ്ങാലക്കുട: ബസ്സുകള്‍ ഓരോന്നായി ഇല്ലാതാക്കിയിട്ടും കുലുക്കമില്ലാത്ത ജനപ്രതിനിധികള്‍. ഇരിങ്ങാലക്കുടക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്ന നടപടിയാണ് കെ.എസ്.ആര്‍.ടി.സി. ഉന്നതാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒടുവിലത്തെ മരണമണി ഇരിങ്ങാലക്കുട – കോട്ടയം ഫാസ്റ്റ് പാസഞ്ചറിനാണ്. ഞായറാഴ്ച്ച (ആഗസ്റ്റ് 4) മുതല്‍ ഈ ബസ്സ് ഇരിങ്ങാലക്കുടയില്‍ നിന്നായിരിക്കില്ല പുറപ്പെടുക. 1987 ല്‍കെ.എസ്.ആര്‍.ടി.സി.യുടെ ഓപ്പറേറ്റിങ്ങ് സെന്റര്‍ ആരംഭിച്ചപ്പോള്‍ അനുവദിച്ച മൂന്നു ദീര്‍ഘദൂര സര്‍വീസുകളിലൊന്നാണിത്. ഇടക്കാലത്ത് സബ് ഡിപ്പോയായി ഉയര്‍ത്തപ്പെടുകയും പിന്നിട് തരംതാഴ്ത്തപ്പെടുകയും ചെയ്യപ്പെട്ട ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്ന് ഈ വര്‍ഷം ഇല്ലാതാക്കുന്ന മൂന്നാമത്തെ ബസ്സാണിത്. നേരത്തെ പാലക്കാട് ബസ്സും പിന്നീട് തിരുവനന്തപുരം സുപ്പര്‍ ഫാസ്റ്റ് സര്‍വ്വീസും റദ്ദാക്കിയിരുന്നു. കളക്ഷനില്‍ ഏറെ മുന്നിലുണ്ടായിരുന്ന ബസ്സ് സര്‍വീസുകളാണിവയെല്ലാം. കേരളത്തിലെ തന്നെ എറ്റവും മികച്ച കലക്ഷന്‍ ചരിത്രമുള്ള ബസ്സായിരുന്നു ഇരിങ്ങാലക്കുട – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസ്. തിരുവനന്തപുരം ബസ്സിന് ശരാശരി 25000 രൂപ കളക്ഷന്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ റദ്ദാക്കുന്ന കോട്ടയം ബസ്സിനാകട്ടെ 13000 രൂപ മുതല്‍ 14000 രൂപ വരെ കളക്ഷന്‍ ഉണ്ടായിരുന്നു. രാവിലെ 6.20ന് ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 9.50 ന് കോട്ടയെത്തെത്തിയ ശേഷം തിരിച്ച് തൃശൂര്‍ക്കായിരുന്നു ഈ ബസ്സിന്റെ യാത്ര. തൃശൂര്‍ -എറണാകുളം റൂട്ടില്‍ ഒരു ട്രിപ്പ് കൂടി ഓടിയ ശേഷമാണ് ഈ ബസ്സ് ഇരിങ്ങാലക്കുടയില്‍ മടങ്ങിയെത്തിരുന്നത്. പുതിയ ഉത്തരവനുസരിച്ച് ഈ ബസ്സ് ആഗസ്റ്റ് 4 മുതല്‍ തൃശൂരില്‍ നിന്നാണ് കോട്ടയത്തേക്ക് പുറപ്പെടുക . കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ ഓരോന്നായി റദ്ദാക്കി ഓപ്പറേറ്റിങ്ങ് സെന്റര്‍ പൂട്ടുവാനുള്ള ഗൂഢനീക്കമാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ നടത്തുന്നതെന്ന അഭ്യൂഹം ശക്തിപ്പെടുത്തുന്നതാണ് കോട്ടയം ബസ്സിന്റെ റദ്ദാക്കല്‍ എന്നു കരുതേണ്ടിയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി. എം.ഡി. സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലാഭകരമല്ലാത്ത സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.

 

Exit mobile version