ഇരിങ്ങാലക്കുട : ബാക്ക്ടു ഫിറ്റ്‌നസ് ഇവരുടെ സൈക്കിള്‍ യാത്രക്ക് കാരണമിതാണ്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഉപേക്ഷിക്കുക എന്ന സന്ദേശവുമായാണ് ഇവര്‍ സൈക്കിളില്‍ രാജ്യം കറങ്ങിയത്. രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള റോഡായ കര്‍ദുംഗലയിലൂടെയും സൈക്കിളോടിച്ചു. ചണ്ഡീഗഢില്‍ നിന്നു തുടങ്ങി ജമ്മുവും ശ്രീനഗറും താണ്ടി അവിടെ നിന്ന് മണാലിയിലേക്ക് 1600 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തിയതു ബിസിഎ കഴിഞ്ഞ ഇരിങ്ങാലക്കുട സ്വദേശി തേജസ്(24) ഫോട്ടോഗ്രാഫറായ വാഴാനി അമ്പക്കാട്ട് വളപ്പില്‍ സിയാദ് (25) എന്നിവരാണ് . 28 ഗിയറുള്ള സൈക്കിളിലായിരുന്നു യാത്ര. ജൂണ്‍ 17 ന് ചണ്ഡിഗഢില്‍ നിന്ന് തുടങ്ങി. ലോറിക്കടിയിലും, ആരാധനാലയങ്ങളിലും കിടന്നുറങ്ങി. രണ്ടു സ്ഥലങ്ങളില്‍ മാത്രമാണ് മുറിയെടുത്തത്. ഭക്ഷണം മിക്കസ്ഥലങ്ങളിലും സൗജന്യമായിരുന്നു. സ്‌പെയര്‍ ടയര്‍, രണ്ട് ജോഡി വസ്ത്രം, കിടക്ക, സൈക്കിള്‍ നന്നാക്കാനുള്ള ഉപകരണങ്ങള്‍, ടെന്റ് തുടങ്ങിയവ കൈയ്യില്‍ കരുതി. മുമ്പ് രണ്ടു തവണ സിയാദ് ബൈക്കില്‍ ഇവിടെ എത്തിയിട്ടുണ്ട്. ആ അനുഭവമാണ് സൈക്കിളില്‍ എത്താന്‍ പ്രേരിപ്പിച്ചത്. 25 ദിവസമായിരുന്നു സൈക്കിള്‍ യാത്ര. ആകെ 30 ദിവസമെടുത്തു തൃശൂരില്‍ നിന്നു പോയി തൃശൂരില്‍ തിരിച്ചെത്താന്‍.