ഇരിങ്ങാലക്കുട : സ്വപ്‌ന സംരംഭം തുടങ്ങാന്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് വന്ന ജാഫര്‍ പ്രാരാബ്ധമേറി വീണ്ടും പ്രവാസത്തിലെത്തി അവിടെ വെച്ച് നിര്യാതനായി. ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശി അഞ്ഞേലിയില്‍ ജാഫറിനാണ് (57) നാണ് ഈ ദാരുണാന്ത്യം ഉണ്ടായത്. ഗള്‍ഫില്‍ വര്‍ഷങ്ങളോളം അധ്വാനിച്ച സമ്പാദ്യവുമായി നാട്ടില്‍ ഒരു പശു ഫാം തുടങ്ങാം എന്ന മോഹവുമായി വന്ന ജാഫറിന് മോഹം മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. നാല്‍പത് ലക്ഷം രൂപ കൈപ്പമംഗലം ചളിങ്ങാട് ആരംഭിക്കാനുദ്ദേശിച്ച ഫാമിനായിമുടക്കിയിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തൊട്ടടുത്ത പ്രദേശമായ കാക്കത്തുരുത്തിയില്‍ ഫാം ആരംഭിക്കുന്നതിനായി വീടും പറമ്പും പണയം വെച്ച് പൈസ കണ്ടെത്തുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ വര്‍ഷം നിനച്ചിരിക്കാത്ത പ്രളയത്തില്‍ ഫാം പൂര്‍ണമായും നശിച്ചത്. കൂടാതെ വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് വരികയും ചെയ്തു. ബാധ്യതകള്‍ ഏറിയപ്പോള്‍ ജാഫര്‍ വീണ്ടും ഗള്‍ഫിലേക്ക് പോവുകയും ഒരു കഫ്തീരിയയില്‍ ജോലിക്ക് ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഗള്‍ഫിലെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വെളുപ്പിന് മൃതദേഹം നാട്ടിലെത്തിക്കും. ഉച്ചയോടെ മാടായികോണത്തെ വീട്ടില്‍ എത്തിച്ചശേഷം ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകീട്ടത്തോടെ ഖബറടക്കും. ഭാര്യ ഷൈന. മക്കള്‍ : നെഫിന്‍, നെജ. മരുമകന്‍: ഷംസാദ്.