‘ഇരിങ്ങാലക്കുട : വീണാസ് കറിവേള്‍ഡ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ വീണക്ക് യൂട്യൂബിന്റെ ‘ഗോള്‍ഡന്‍ ബട്ടന്‍’ അവാര്‍ഡ് ലഭിച്ചു. തൃശ്ശൂര്‍ പെരിഞ്ഞനം സ്വദേശിയാണ് വീണ. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ മലയാളി വനിത കൂടിയാണ് വീണ. തൃശ്ശൂര്‍ ജനങ്ങളുടെ വായില്‍ കപ്പലോടിക്കുന്ന തൃശ്ശൂര്‍ സ്‌പെഷ്യല്‍ മീന്‍ കറി ഉണ്ടാക്കികൊണ്ടാണ് വീണ ഇ- ലോകത്തിന് പരിചിതയാകുന്നത്. വീണാസ് കറിവേള്‍ഡ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. പിന്നീട് അങ്ങോട്ട് ധാരാളം പാചക വീഡിയോകള്‍ അപലോഡ് ചെയ്യുകയും ചെയ്തു. നാടന്‍ സാമ്പാര്‍, കുലുക്കി സര്‍ബത്ത്, പാലപ്പം, ചിക്കന്‍ തോരന്‍ തുടങ്ങി കൊതിയൂറുന്ന വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകളാണ് വീണയെ ഭക്ഷണ പ്രിയരുടെ പ്രിയങ്കരിയാക്കിയത്. ഭര്‍ത്താവ് ജാന്‍ ജോഷിയോടൊപ്പം ദുബായില്‍ താമസിക്കുന്ന വീണ യൂട്യൂബ് ചാനല്‍ ആരംഭിച്ചത് 2015 നവംബര്‍ 3 നാണ്. അമ്മയാണ് പാചകത്തിന്റെ ഗുരു. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന വീണ നാടന്‍ വിഭവങ്ങളുടെ വീഡിയോകളാണ് കൂടുതലും ഇടാറുള്ളത്. കുക്കര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന സദ്യയില്‍ കാണുന്ന പിങ്ക് പാലടയുണ്ടാക്കുന്ന വീഡിയോയാണ് വീണയുടെ ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ പത്ത്‌ലക്ഷത്തിലധികം സബ്‌ക്രൈബേഴ്‌സാണ് വീണക്കുള്ളത്.