Home NEWS ഇരിങ്ങാലക്കുട രൂപതയില്‍ മതബോധന അധ്യയനവര്‍ഷത്തിനു തുടക്കം

ഇരിങ്ങാലക്കുട രൂപതയില്‍ മതബോധന അധ്യയനവര്‍ഷത്തിനു തുടക്കം

ആനത്തടം : ഇരിങ്ങാലക്കുട രൂപതയില്‍ മതബോധന അധ്യയന വര്‍ഷം ആനത്തടം സെന്റ് തോമസ് ഇടവകയില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ‘ഗുരുദര്‍ശനം ജീവിത വിളികളില്‍’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം. വിശുദ്ധമായ പൗരോഹിത്യ – സന്യസ്ത സമര്‍പ്പണത്തിലൂടെയും ഉത്തരവാദിത്വമുള്ള കുടുംബ ജീവിതത്തിലൂടെയും ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ മതബോധന വിദ്യാര്‍ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും ബിഷപ് ഓര്‍മ്മപ്പെടുത്തി. ആധുനിക ലോകത്ത് സമര്‍പ്പിതര്‍ ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ത്യാഗ സുരഭിലമായ ജീവിതം കാഴ്ചവച്ച് ലോകത്തിന്റെ പ്രകാശമാകാന്‍ കൂടുതല്‍ മക്കള്‍ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും കടന്നുവരണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍, രൂപത ആനിമേറ്റേഴ്സ്, വികാരി ഫാ. മനോജ് മേക്കാടത്ത്, ഹെഡ്മാസ്റ്റര്‍ ജോയ് മംഗലന്‍, കൈക്കാരന്‍ ജോഷി മുള്ളന്‍കുഴി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി പോള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ദീപം തെളിയിച്ചു. ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ. ടോം മാളിയേക്കല്‍ ഫാ. മനോജ് മേക്കാടത്ത്, ഫാ. ജോയല്‍ ചെറുവത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് മതബോധന പ്രവേശനോത്സവവും എഴുത്തിനിരുത്തും നടന്നു. ദിവ്യബലിക്കുശേഷം പൊതുയോഗവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

 

Exit mobile version