Home NEWS മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി നഗരസഭ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി നഗരസഭ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

ജില്ലയില്‍ പലയിടങ്ങളിലും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ജലജന്യരോഗങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി നഗരസഭാ പ്രദേശത്തെ ഹോട്ടല്‍, ചായക്കടകള്‍, ബേക്കറികള്‍, ശീതളപാനീയകടകള്‍ എന്നിവര്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി നിമ്യ ഷിജു നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ശ്രീമതി രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷം വഹിക്കുകയും ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി. എ. അബ്ദുള്‍ ബഷീര്‍ സ്വാഗതം ആശംസിക്കുകയും ഹെല്‍ത്ത് സൂപ്ര വൈസര്‍ ശ്രീ. ആര്‍. സജീവ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. ആര്‍. സ്റ്റാന്‍ലി, അനില്‍. കെ.ജി. എന്നിവര്‍ വിശദമായ ക്ലാസ്സ് എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ അറിയിപ്പ് നല്‍കുകയുമുണ്ടായി. ഇരിങ്ങാലക്കുടയില്‍ മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യരോഗങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് കച്ചവടക്കാര്‍ നഗരസഭയുടെ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പറഞ്ഞു. കച്ചവടസ്ഥാപനങ്ങളും പൊതുജനങ്ങളും
കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, തിളപ്പിച്ച വെള്ളത്തില്‍ പച്ച വെള്ളം ഒഴിക്കാതിരിക്കുക, ശീതളപാനീയങ്ങളില്‍ ക്യൂബ്‌ഐസ് മാത്രം ഉപയോഗിക്കുക, യാതൊരു കാരണവശാലും ബ്ലോക്ക്‌ഐസ് ഉപയോഗിക്കരുത്, ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രം കഴിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവെയ്ക്കുക,മാലിന്യം വലിച്ചെറിയാതെ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കണം തുടങ്ങീയ ശുചിത്വാരോഗ്യ ശീലങ്ങള്‍ പാലിക്കണമെന്നും അറിയിച്ചു.

 

Exit mobile version