വൃശ്ചികത്തില്‍ തൃപ്പുണ്ണിത്തറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തോടെ ആരംഭിക്കുന്ന മധ്യകേരളത്തിലെ ഉത്സവപൂരാഘോഷങ്ങള്‍ കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടെ പര്യവസാനിക്കുന്നു. മകരസംക്രമണത്തോടെയാണ് കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രോത്സവങ്ങള്‍ക്കും ആരംഭം കുറിക്കുന്നത്. മകരചൊവ്വ, മകരം പത്ത്, ഇരുപത്തെട്ടുച്ചാല്‍ തുടങ്ങിയവയും, കൊടുങ്ങല്ലൂര്‍ താലപ്പൊലിയും കഴിഞ്ഞാല്‍ കുംഭത്തില്‍ രേവതി, അശ്വതിവേലകളും പതിനെട്ടാം കാവുകളിലെ ഭരണിയും ശിവരാത്രിയും, മീനത്തില്‍ ആറാട്ടുപുഴപൂരം ഉള്‍പ്പടെയുള്ള പൂരങ്ങള്‍, മേടത്തില്‍ തൃശൂര്‍ പൂരം, വിഷു, വിഷുവേല തുടങ്ങിയവയൊക്കെയെല്ലാമാണ് കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടെ സമാപനം കുറിക്കുന്നത്. കൊടിക്കൂറ താഴ്ന്നതോടെ മേഘമാലകള്‍ അന്തരീക്ഷത്തെ പുണരുന്നു. വേനലിന്റെ കൊടികൂറ താഴാനും വര്‍ഷമേഘങ്ങളുടെ തേര്‍വാഴ്ച തുടങ്ങാനും ഇനി ദിവസങ്ങളെ വേണ്ടു.