Home NEWS ഇരിങ്ങാലക്കുടയിലെ ബൂത്തുകള്‍ തിരഞ്ഞെടുപ്പിനായി ഒരുങ്ങി- ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കി

ഇരിങ്ങാലക്കുടയിലെ ബൂത്തുകള്‍ തിരഞ്ഞെടുപ്പിനായി ഒരുങ്ങി- ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കി

ഇരിങ്ങാലക്കുട- വോട്ടെടുപ്പ് ദിവസം സ്ഥാനാര്‍ഥികളെക്കാളും പാര്‍ട്ടികളെക്കാളും ടെന്‍ഷന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ്.വോട്ടെടുപ്പും തീരുംവരെ മുള്‍മുനയിലാണ് ഓരോ ജീവനക്കാരന്റെയും നില്‍പ്പ് . ഇരിങ്ങാലക്കുടയിലെ വിതരണ കേന്ദ്രങ്ങളായ ക്രൈസ്റ്റ് കോളേജില്‍ നിന്നും സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാധനസാമഗ്രികള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 8 മണിക്ക് വിതരണകേന്ദ്രങ്ങളിലെത്തിയ ഉദ്യോഗസ്ഥര്‍ ഏറെ നേരത്തെ പരിശോധനകള്‍ക്കു ശേഷമാണ് തങ്ങള്‍ക്കു അനുവദിച്ച് കിട്ടിയ കേന്ദ്രങ്ങളിലേക്ക് യാത്രയായത് .ഓരോ പോളിംഗ് കേന്ദ്രത്തിലും വോട്ടര്‍മാരുടെ കയ്യില്‍ പുരട്ടാന്‍ 2 കുപ്പി മഷിയാണു നല്‍കുന്നത്. മഷി ഏതെങ്കിലും കാരണത്താല്‍ തട്ടിമറഞ്ഞു പോയാല്‍ അടുത്തകുപ്പി എത്തിക്കുന്നതുവരെ വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കുകയെ നിര്‍വ്വാഹമുള്ളു. അതുകൊണ്ട് മറിഞ്ഞു വീഴാതിരിക്കാന്‍ കുപ്പി വയ്ക്കാന്‍ പ്രത്യേക കപ്പും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കപ്പില്‍ വച്ചാല്‍ പോര അതില്‍ രണ്ടു പിടി മണല്‍ കൂടി നിറച്ചാലെ മറിയാതിരിക്കൂ എന്നു തിരിച്ചറിഞ്ഞ അനുഭവ സമ്പന്നര്‍ ഇക്കുറി മണലും നിറച്ചാണ് പോകുന്നത്.ഇലക്ടോണിക് മെഷീന്‍ യൂണിറ്റും , വിവിപാറ്റ് മെഷീനും അടക്കം 92 ഉപകരണങ്ങളാണു ഓരോ കേന്ദ്രത്തിലും ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യേണ്ടത് . വോട്ടര്‍പട്ടിക, വോട്ടേഴ്‌സ് സ്ലിപ് , വിവിധ നിറത്തിലുള്ള കവറുകള്‍ , പെന്‍സില്‍ ,റബര്‍ ബാന്‍ഡ് .സെല്ലോ ടേപ്പ് ,പശ , സ്‌കെയില്‍ തുടങ്ങി മഷിനിറഞ്ഞാല്‍ തുടയ്ക്കാനുള്ള പഞ്ഞിവരെ കൈപ്പറ്റേണ്ടതുണ്ട് . 22 നു രാവിലെ 8 മണിക്കു വിതരണ കേന്ദ്രത്തിലെത്തി പോളിംഗ് സാമഗ്രി കൈപ്പറ്റിയതു മുതല്‍ പിറ്റേന്നു വോട്ടെടുപ്പ് പൂര്‍ത്തിയാക്കി രേഖകളെല്ലാം സീല്‍ചെയ്തു തിരഞ്ഞെടുപ്പ് കമ്മീഷനെ ഏല്‍പ്പിക്കുന്നതു വരെ ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലായിരിക്കും

 

 

Exit mobile version