Home NEWS കേരള ചര്‍ച്ച് ബില്‍ – 2019′ സഭാ സംവിധാനങ്ങളിലേക്കുള്ള രാഷ്ട്രീയ നുഴഞ്ഞുകയറ്റം : ഇരിങ്ങാലക്കുട രൂപത...

കേരള ചര്‍ച്ച് ബില്‍ – 2019′ സഭാ സംവിധാനങ്ങളിലേക്കുള്ള രാഷ്ട്രീയ നുഴഞ്ഞുകയറ്റം : ഇരിങ്ങാലക്കുട രൂപത വൈദീക സമിതി

ഇരിങ്ങാലക്കുട : ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷന്‍ പുറത്തിറക്കിയ ‘കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ – 2019’ സഭാ സംവിധാനങ്ങളിലേക്കുള്ള രാഷ്ട്രീയ നുഴഞ്ഞു കയറ്റമാണെന്നും ഈ കരടു നിയമം തികച്ചും ഏകപക്ഷീയമാണെന്നും ഇരിങ്ങാലക്കുട രൂപത വൈദീക സമിതി. കാര്യമറിയാതെ എന്തിനെയും ഏതിനെയും അന്ധമായി എതിര്‍ക്കുന്ന, കൃത്യമായും വൃത്തിയായും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സഭാ സംവിധാനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വ്യക്തികളെ നിര്‍ബന്ധിക്കുന്ന വിശ്വാസ വിരുദ്ധ ‘കേരള ചര്‍ച്ച് ബില്‍ 2019’ സ്വീകാര്യമല്ലെന്നും ഏതു വിധേനയും എതിര്‍ക്കപ്പെടേണ്ടതാണെന്നും ഇരിങ്ങാലക്കുട രൂപത വൈദീക സമിതി നിരീക്ഷിച്ചു.
മുഴുവന്‍ അത്മായരുടെയും ജനാധിപത്യ വിശ്വാസികളുടെയും സഹകരണത്തോടെ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. കുടുംബ യൂണിറ്റുതലം മുതല്‍ ചര്‍ച്ചകള്‍ക്കും പഠനക്ലാസുകള്‍ക്കും നേതൃത്വം നല്‍കാന്‍ വിവിധങ്ങളായ കമ്മറ്റികളെ തെരഞ്ഞെടുത്തു. അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ‘കേരള ചര്‍ച്ച് ബില്ല് 2019’ പിന്‍വലിക്കപ്പെടുന്നതിനു ആവശ്യമായ സഹകരണം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, വൈദിക സമിതി സെക്രട്ടറി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. നാളെ നടക്കുന്ന വൈദീകരുടെ യോഗം ബില്ലിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും നടത്തും. ഇടവകകളില്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രതിഷേധ പരിപാടികളുടെ കരട് രൂപവും നാളെത്തന്നെ തയാറാക്കും. ശനിയാഴ്ച രൂപതാ ഭവനത്തില്‍ നടക്കുന്ന പാസ്റ്ററല്‍ കൗണ്‍സില്‍, ഏകോപന സമിതി, കേന്ദ്രസമിതി, കൈക്കാരന്മാര്‍, യുവജന പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത സമ്മേളനത്തിലേക്ക് എല്ലാവരും എത്തണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

Exit mobile version