Home NEWS ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി പി.ഡബ്ലിയു.ഡി

ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി പി.ഡബ്ലിയു.ഡി

ഇരിങ്ങാലക്കുട : വെള്ളാംങ്കല്ലൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള പാതയില്‍ സെന്ററല്‍ റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി, തുമ്പൂര്‍ ഇന്ദിരാഭവന് മുന്‍പില്‍ മൂന്നരടിയോളം റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി അപകടാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊടുങ്ങല്ലൂര്‍ പി.ഡബ്ലിയു.ഡി. അസിസ്റ്റന്റ് എഞ്ചിനീയര്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുവാന്‍ ഫണ്ടില്ലെന്നാണ് പറയുന്നത്. വളവ് തിരിഞ്ഞ് അതിവേഗത്തില്‍ വരുന്ന വാഹനങ്ങളുടെ മുന്‍പില്‍ മഹാമേരു പോലെ നില്‍ക്കുന്ന പോസ്റ്റ് ഉണ്ടാക്കുന്ന അപകടങ്ങള്‍ക്ക് ആര് ഉത്തരവാദിത്വം ഏല്‍ക്കും എന്ന എല്‍.വൈ.ജെ.ഡി. പ്രവര്‍ത്തകരുടെ ചോദ്യത്തിന് എ.ഇ. തന്ന മറുപടി വേണമെങ്കില്‍ വേളൂക്കര പഞ്ചായത്ത് പോസ്റ്റ് മാറ്റിയിടും എന്നാണ്. കെ.എസ്.ഇ.ബി. യെ അറിയിച്ചിട്ടുമില്ല.പി.ഡബ്ലിയു.ഡി യുടെ അധീനതയിലുള്ള റോഡ് നിര്‍മ്മാണത്തില്‍ പഞ്ചായത്തിനാണ് ഉത്തരവാദിത്തം എന്ന വങ്കത്തം പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരാണ് ഈ നാടിന്റെ ശാപമെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ ആരോപിച്ചു. വീണ്ടുവിചാരമില്ലാതെ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ ജനങ്ങളുടെ നികുതി പണത്തിന് പുല്ല് വിലയാണ് നല്‍കുന്നത്.എല്‍.വൈ.ജെ.ഡി. മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

 

Exit mobile version