Home NEWS ആറാട്ടുപുഴ പൂരം പത്രിക പ്രകാശനം ചെയ്തു

ആറാട്ടുപുഴ പൂരം പത്രിക പ്രകാശനം ചെയ്തു

ആറാട്ടുപുഴ: ആയിരത്തി നാനൂറ്റി മുപ്പത്തി ഏഴാമത് ആറാട്ടുപുഴ പൂരത്തിന്റെ പത്രിക പ്രകാശനം ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രനടപ്പുരയില്‍ വെച്ച് ക്ഷേത്രം ഊരാളന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ നിര്‍വ്വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി മോഹനന്‍ പത്രിക ഏറ്റുവാങ്ങി. മേള കുലപതി മഠത്തില്‍ നാരായണന്‍കുട്ടി മാരാര്‍ ഭദ്രദീപം കൊളുത്തി ചടങ്ങിന് ആരംഭം കുറിച്ചു. പ്രകാശന കര്‍മ്മത്തില്‍ ക്ഷേത്രം ഊരാളന്മാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രൊഫ. സി.എം. മധു, പെരുവനം – ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി പഴോര് അപ്പുക്കുട്ടന്‍ , ദേവസംഗമ സമിതി പ്രസിഡന്റ് എ.എ. കുമാരന്‍, പെരുവനം – ആറാട്ടുപുഴ പൂരം കള്‍ച്ചറല്‍ & ഹെറിറ്റേജ് ട്രസ്റ്റ് ചെയര്‍മാര്‍ കാളത്ത് രാജഗോപാല്‍, തിരുവഞ്ചിക്കുളം അസി. കമ്മീഷണര്‍ ഇ.കെ. മനോജ്, ദേവസ്വം ഓഫീസര്‍ എ. സുരേഷ്, പങ്കാളി ക്ഷേത്രങ്ങളിലെ സമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍, ദേശക്കാര്‍, പൂരാസ്വാദകര്‍ , കലാ സാംസ്‌ക്കാരിക നായകന്മാര്‍ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിന്നു.പൂരത്തിന് മുന്നോടിയായുള്ള 108 കരിക്കഭിഷേകം മുതല്‍ കൊടിക്കുത്തുവരെയുള്ള ആറാട്ടുപുഴ ശാസ്താവിന്റ പൂരച്ചടങ്ങുകളുടെയും ആഘോഷങ്ങളുടേയും ഘടക പൂരങ്ങളുടെയും വിശദവിവരങ്ങളും 46 വര്‍ണ്ണചിത്രങ്ങളും പൂര പഴമയും ക്ഷേത്രത്തിന്റെ പ്രാധാന്യവും ഉള്‍കൊള്ളുന്ന 28 പേജുകളോടു കൂടിയതാണ് പൂരം പത്രിക. പ്രസിഡന്റ് എം. മധു, സെക്രട്ടറി അഡ്വ. സുജേഷ് കെ, ട്രഷറര്‍ എം. ശിവദാസന്‍, വൈസ് പ്രസിഡന്റ് എ.ജി. ഗോപി , ജോ. സെക്രട്ടറി സുനില്‍ പി. മേനോന്‍ ഓഡിറ്റര്‍ പി. രാജേഷ് എന്നിവര്‍ ഭാരവാഹികളായ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രകാശന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.ആറാട്ടുപുഴ പൂരം മാര്‍ച്ച് 19 നും തറക്കല്‍ പൂരം മാര്‍ച്ച് 18നും പെരുവനം പൂരം മാര്‍ച്ച് 16നും തിരുവാതിര വിളക്ക് മാര്‍ച്ച് 14ന് രാത്രിയും പൂരം കൊടിയേറ്റം മാര്‍ച്ച് 13നുമാണ്.

 

Exit mobile version