Home NEWS പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്മസ്-മാര്‍ പോളി കണ്ണൂക്കാടന്‍

പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്മസ്-മാര്‍ പോളി കണ്ണൂക്കാടന്‍

ദൈവം മനുഷ്യനായതിന്റെ മഹനീയവും മഹത്തരവും മധുരതരവുമായ ഓര്‍മകളുടെ ഉത്സവമാണ് ക്രിസ്മസ്. പ്രത്യാശയുടെ സംഗീതം പൊഴിച്ചു കൊണ്ടാണ് ഓരോ ക്രിസ്മസും കടന്നുവരുന്നത്. പുല്‍ക്കൂട്ടിലെ ഉണ്ണി പ്രത്യാശയുടെ അടയാളമാണ്. പ്രതിസന്ധികളും പ്രലോഭനങ്ങളും പ്രശ്നങ്ങളും നിറഞ്ഞ് സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന പുതിയകാലത്തില്‍ രക്ഷകന്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും രക്ഷയുടെയും സന്ദേശവുമായി ഭൂമിയില്‍ പിറവി കൊള്ളുന്നു.
ഒളിഞ്ഞും തെളിഞ്ഞും ക്രിസ്തുവിലുള്ള വിശ്വാസത്തെയും അവിടുന്നു സ്ഥാപിച്ച കൂദാശകളെയും കത്തോലിക്കാ സഭയെയും ശത്രുക്കള്‍ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തിരുപിറവിക്ക് യഥാര്‍ഥത്തില്‍ പുതിയ മാനമുണ്ട്. രക്ഷകനായ ക്രിസ്തുവിന്റെ ജനനം സമാധാനത്തിന്റെ ദൂത് ലോകത്തിനു മുഴുവന്‍ പങ്കുവയ്ക്കുന്നുണ്ട്. ആയുധങ്ങള്‍കൊണ്ടും അധികാരം കൊണ്ടും ആധിപത്യം കൊണ്ടും സമാധാനം സൃഷ്ടിക്കാന്‍ പടയൊരുക്കം നടത്തുന്ന ഈ കാലഘട്ടത്തില്‍ സ്നേഹമെന്ന പുണ്യം കൊണ്ട് അത്ഭുതകരമായ സമാധാനം സൃഷ്ടിക്കുന്ന ക്രിസ്തുവിന് പ്രസക്തിയുണ്ടെന്ന കാര്യം നാം മറക്കരുത്.
ഒരു ആത്മ പരിശോധനക്കുള്ള വേദിയായി ഈ ക്രിസ്മസ് രാവിനെ നമുക്ക് മാറ്റാം. ലാളിത്യത്തിന്റെ ആള്‍രൂപമായി പിറന്നു വീണ രക്ഷകനും പ്രാര്‍ഥനയുടെയും വിധേയത്വത്തിന്റെയും വാങ്മയ ചിത്രം വിരചിക്കുന്ന വിശുദ്ധ യൗസേപ്പിതാവും പരിശുദ്ധ കന്യകാമറിയവും മാലാഖയുടെ സന്ദേശത്തിന് ഹൃദയം തുറന്നുകൊടുത്ത വിനീതരായ ആട്ടിടയന്മാരും പകരുന്ന സന്ദേശം നമുക്ക് അന്യമാകുന്നുണ്ടോ? ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒച്ചപ്പാടുകളും നിറഞ്ഞ ലോകത്ത് ലാളിത്യത്തിന്റെയും എളിമയുടെയും ശാന്തതയുടെയും വഴിയടയാളങ്ങളായി തീരാന്‍ നമുക്കും ഉത്തരവാദിത്വമുണ്ടെന്ന് തിരിച്ചറിയാം. പ്രകൃതി ദുരന്തത്തിന്റെ കെടുതിയില്‍ നിന്നും അതിജീവനത്തിനുവേണ്ടി പരിശ്രമിക്കുന്ന സഹോദരരെ ജാതിമതഭേദമെന്യ സഹായിക്കുവാന്‍ നമുക്ക് ശ്രമിക്കാം. ആഘോഷങ്ങള്‍ ലളിതമാക്കി പരസ്പരം കൈകോര്‍ക്കാം. അതിരുകളില്ലാത്ത, മതിലുകളില്ലാത്ത മാനവികതയിലേക്കുള്ള ക്ഷണം കൂടിയാണ് ക്രിസ്മസ്. പുല്‍ക്കൂട്ടില്‍ എല്ലാവര്‍ക്കും ഇടമുണ്ടായിരുന്നു. ദൈവവും പ്രകൃതിയും മനുഷ്യനും മൃഗങ്ങളും സംഗമിച്ച അത്യപൂര്‍വമായ വേദിയായിരുന്നു ബെത്ലഹേമിലെ കാലിത്തൊഴുത്ത്. ആരെയും ദൈവം തന്റെ സ്നേഹവലയത്തില്‍ നിന്ന് മാറ്റി നിറുത്തുന്നില്ല; ഒന്നിനെയും രക്ഷയുടെ കാഴ്ചകളില്‍ നിന്ന് ആരും മറയ്ക്കുന്നില്ല; വിഭാഗീയതയുടെയോ വിവേചനത്തിന്റെയോ മതാന്ധകാരവും അവിടെ നിഴലിക്കുന്നില്ല. ഈ ആധുനിക കാലഘട്ടത്തില്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സന്ദേശം രക്ഷയുടെ സുവിശേഷം പങ്കുവയ്ക്കുന്നവരും ജീവിക്കുന്നവരും ആയി തീരാന്‍ നമുക്ക് പരിശ്രമിക്കാം.

 

Exit mobile version