കൊടുങ്ങല്ലൂര്‍ : പ്രതിസന്ധികളും പ്രലോഭനങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് തണലേകാനും അപരന്റെ ജീവിതത്തിലെ ഇരുട്ട് അകറ്റാനും ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. താറാവുകളെപ്പോലെ പിറുപിറുക്കുന്നവരാകാതെ കഴുകനെപ്പോലെ ഉയര്‍ന്നു ചിന്തിക്കുന്നവരും പ്രതിസന്ധികളെ അതിജീവിക്കുന്നവരുമായി മാറണമെന്ന് ബിഷപ് ഓര്‍മ്മപെടുത്തി. കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ നടന്ന തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് ബിഷപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ചാന്‍സിലര്‍ ഫാ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. ടോം മാളിയേക്കല്‍, ഫാ. ജോയ് പെരേപ്പാടന്‍, ഫാ. ജോസഫ് ചെറുവത്തൂര്‍, ഫാ. കിരണ്‍ തട്ട്ള, രൂപതയിലെ വിവിധ ഇടവകകളിലെ കേന്ദ്രസമിതി പ്രസിഡന്റുമാരും പ്രതിനിധിയോഗം സെക്രട്ടറിമാരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സന്യസ്ത പ്രതിനിധികളും സെമിനാരി വിദ്യാര്‍ഥികളും ചടങ്ങുകളില്‍ പങ്കെടുത്തു. ഫാ. റോയ് കണ്ണന്‍ചിറ സി.എം.ഐ സെമിനാര്‍ നയിച്ചു.