Home NEWS ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പഞ്ചാരി മേളം അരങ്ങേറ്റം നടന്നു. ആറാട്ടുപുഴയിലെ പുതുതലമുറയിലെ 8 മുതല്‍ 37 വയസ്സ് വരെയുള്ള 12പേരാണ് അരങ്ങേറ്റം കുറിച്ചത്. പെരുവനം കുട്ടന്‍ മാരാര്‍, പഴുവില്‍ രഘു മാരാര്‍, മണിയാംപറമ്പില്‍ മണി നായര്‍, കുമ്മത്ത് രാമന്‍ കുട്ടി നായര്‍, തലോര്‍ പീതാംബരന്‍ മാരാര്‍, കീഴൂട്ട് നന്ദനന്‍, പെരുവനം ഗോപാലകൃഷ്ണന്‍, പെരുവനം മുരളി, കുമ്മത്ത് നന്ദനന്‍ തുടങ്ങിയ മുതിര്‍ന്ന കലാകാരന്മാര്‍ക്ക് ദക്ഷിണ നല്‍കിയതിനു ശേഷമാണ് മേളം തുടങ്ങിയത്. വാദ്യ കലാക്ഷേത്രത്തിന്റെ ഗുരുനാഥന്‍ പെരുവനം അനില്‍ കുമാറിന് സുവര്‍ണ്ണ മുദ്രയും പൊന്നാടയും ഉപഹാരവും പെരുവനം കുട്ടന്‍ മാരാര്‍ സമ്മാനിച്ചു.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ സംരംഭമായ ആറാട്ടുപുഴ ശ്രീശാസ്താ വാദ്യകലാക്ഷേത്രത്തിലെ രണ്ടാമത് ബാച്ചില്‍ ഉള്‍പ്പെട്ട കലാകാരന്‍മാരാണ് ശ്രീശാസ്താ സന്നിധിയില്‍ വെച്ച് അരങ്ങേറ്റം കുറിച്ചത്. ഗുരു പെരുവനം അനില്‍കുമാറിന്റെ ശിക്ഷണത്തിലാണ് ഇവര്‍ മേളം അഭ്യസിച്ചത്. പഞ്ചാരിമേളത്തിന്റെ മൂന്നാം കാലത്തിലാണ് മേളം തുടങ്ങിയത്.തുടര്‍ന്ന് നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കലാശിച്ചു. കുറുങ്കുഴലില്‍ കീഴൂട്ട് നന്ദനനും കൊമ്പില്‍ കുമ്മത്ത് രാമന്‍കുട്ടി നായരും വലംതലയില്‍ പെരുവനം ഗോപാലകൃഷ്ണനും ഇലത്താളത്തില്‍ മണിയാംപറമ്പില്‍ മണി നായരും പ്രമാണിമാരായി .
ആറാട്ടുപുഴ മംഗലത്ത് ഭവാനിയമ്മ മകന്‍ മനോജ്, പാണപ്പറമ്പില്‍ സുന്ദരന്‍ മകന്‍ ജിബിന്‍ സുന്ദര്‍, തൈക്കാട്ടുശ്ശേരി മാളിയേക്കല്‍ പരമേശ്വരന്‍ മക്കള്‍ വിജിത്ത് & വിനീത്, ഞെരുവിശ്ശേരി പനങ്ങാട്ട് മണികണ്ഠന്‍ മകന്‍ ഹരിഗോവിന്ദ്, നെടുമ്പാള്‍ കാരിക്കോട് ജയന്ത് മകന്‍ അദ്വൈത് , ആറാട്ടുപുഴ മാങ്ങാറി പ്രദീപ് മകന്‍ അതുല്‍, തൊട്ടിപ്പാള്‍ കളങ്കോളില്‍ ഷാജു മകന്‍ അമര്‍നാഥ്, പനങ്കുളം തളിയപ്പറമ്പില്‍ രാജേഷ് മകന്‍ അവനിന്ദ്ര, പല്ലിശ്ശേരി കുറുപ്പത്ത് വിജയകുമാര്‍ മകന്‍ ഗൗതം, ആറാട്ടുപുഴ പറതൂക്കംപറമ്പില്‍ രാധാകൃഷ്ണന്‍ മകന്‍ വൈശാഖ്, ആറാട്ടുപുഴ കൂട്ടാല രാധാകൃഷ്ണന്‍ മകന്‍ സൗരവ് എന്നിവരാണ് അരങ്ങേറ്റം കുറിച്ച് മേളകലാരംഗത്തേക്ക് കടന്നു വന്നത്.ഇതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്, വിശേഷാല്‍ നിറമാല, ചന്ദനം ചാര്‍ത്ത് എന്നിവ ഉണ്ടായിരുന്നു.

Exit mobile version