ഉദയംപേരൂര്‍ / ഇരിങ്ങാലക്കുട : അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ധീര ജവാന്‍ ലാന്‍സ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന് ഇരിങ്ങാലക്കുടയില്‍ നടക്കും. രാവിലെ എട്ടിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ഉദയംപേരൂരിലെ ‘യേശുഭവന്‍’ വീട്ടില്‍ കൊണ്ടുവരും. വൈകീട്ട് 5.30 ന് ഇരിങ്ങാലക്കുട മുരിയാട് എമ്പറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിലാണ് സംസ്‌കാരം. തീര്‍ത്തും ഔദ്യോഗിക ബഹുമതികളോടെയായിരിക്കും. കറുകയില്‍ പരേതനായ മൈക്കിളിന്റേയും ഷീലയുടെയും മകനാണ് ആന്റണി സെബാസ്റ്റ്യന്‍. കാശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം കൃഷ്ണഘട്ടി സെക്ടറില്‍ തിങ്കളാഴ്ച വൈകീട്ട് പാക്ക് സൈന്യം നടത്തിയ ആക്രമണത്തിലാണ് വെടിയേറ്റത് 2002 ഒക്ടോബറില്‍ 18-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന ആന്റണി സെബാസ്റ്റിയന്‍ 16 വര്‍ഷത്തെ രാജ്യസേവനം അവസാനിപ്പിച്ച് അടുത്ത മാര്‍ച്ചില്‍ മടങ്ങാനിരിക്കവെയാണ് വീര മൃത്യു വരിച്ചത്. സൈനീക ഉദ്യോഗസ്ഥരും സാമൂഹിക,സാംസ്‌കാരിക,രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒക്കേറെ പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.