Home NEWS കരുവന്നൂര്‍ – ആറാട്ടുപുഴ ക്ഷേത്രം റോഡിലെ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കണം.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി

കരുവന്നൂര്‍ – ആറാട്ടുപുഴ ക്ഷേത്രം റോഡിലെ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കണം.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി

ആറാട്ടുപുഴ: പ്രളയ കെടുതിയില്‍ തകര്‍ന്ന കരുവന്നൂര്‍ – ആറാട്ടുപുഴ ക്ഷേത്രം ബണ്ട് റോഡ് വഴിയുള്ള ഗതാഗതം ഉടന്‍ പുന:സ്ഥാപിക്കണമെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രളയത്തില്‍ ബണ്ട് റോഡ് മുറിഞ്ഞ് കരുവന്നൂര്‍ പുഴ ഗതി മാറി ഒഴുകുകയും റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് രണ്ടര മാസം കഴിഞ്ഞു. പനങ്കുളം, കരുവന്നൂര്‍, എട്ടുമുന, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ അടക്കമുള്ളവര്‍ ഈ വഴിയാണ് മന്ദാരം കടവിലൂടെ ആറാട്ടുപുഴ ക്ഷേത്രത്തിലെത്താറുള്ളത്. മണ്ഡലക്കാലമായാല്‍ നൂറുകണക്കിന് പേരാണ് വെളുപ്പിന് 4 മുതല്‍ മന്ദാരം കടവില്‍ കുളിച്ച് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുള്ളത്. കൂടാതെ കരുവന്നൂരിന് തെക്ക് പ്രദേശത്തുള്ളവര്‍ക്ക് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വഴിയായിരുന്നു ഇത്. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്നു വരുന്ന ഭക്തര്‍ കിലോമീറ്ററുകള്‍ വളഞ്ഞാണ് ആറാട്ടുപുഴ ക്ഷേത്രത്തിലെത്തുന്നത്.ചേര്‍പ്പ്, വല്ലച്ചിറ ഗ്രാമപഞ്ചായത്തു പരിധികളിലായി 2.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഈ റോഡ്.പുതുക്കാട് നിയോജക മണ്ഡലത്തിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാര്‍ഡില്‍ പെട്ട ആറാട്ടുപുഴ പ്രദേശത്താണ് ആഗസ്റ്റ് 17 ന് ഈ ബണ്ട് റോഡ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടത്. ഈ ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് പുതുക്കാട് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അനുവദിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ആഗസ്റ്റ് 29 ന് അറിയിച്ചിരുന്നതാണ്. രണ്ടു മാസം കഴിഞ്ഞിട്ടും പണികള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ ബണ്ട് റോഡ് ഗതാഗത യോഗ്യമാക്കി ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് സുഗമമായി എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കണമെന്ന് സമിതി ആവശ്യപ്പെടുന്നു.ക്ഷേത്ര പത്തായപുരയില്‍ കുടിയ ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ. സുജേഷ്, ട്രഷറര്‍ എം.ശിവദാസന്‍, വൈസ് പ്രസിഡന്റ് എ.ജി. ഗോപി ,ജോയിന്റ് സെക്രട്ടറി സുനില്‍ പി. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version