ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും ,ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി 2019 ഫെബ്രുവരി 9,10 തിയ്യതികളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ 16 വയസ്സിന് താഴെ ജൂനിയര്‍ വിഭാഗത്തിനും 16 മുതല്‍ 25 വയസ്സുവരെ സീനിയര്‍ വിഭാഗത്തിനും ഇരിങ്ങാലക്കുടയില്‍ വച്ച് കര്‍ണ്ണാടക സംഗീത മത്സരം സംഘടിപ്പിക്കുന്നു.സുന്ദരനാരായണ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന യശയശരീരനായ ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി വടക്കെ പാലാഴി നാരായണന്‍കുട്ടി മേനോന്‍ രചിച്ച ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള കൃതികളാണ് ഈ മത്സരത്തില്‍ ആലപിക്കേണ്ടത് .പക്കമേളം സംഘാടകസമിതി ഏര്‍പ്പെടുത്തിയതും .ജൂനിയര്‍ വിഭാഗത്തിന് കൃതി മാത്രവും ,സീനിയര്‍ വിഭാഗത്തിന് രാഗം ,നിരവല്‍ ,മനോധര്‍മ്മസ്വദം എന്നിവയോടുകൂടി കൃതിയും ആലപിക്കണം .ജൂനിയര്‍ വിഭാഗത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000 രൂപ,3000 രൂപ ,2500 രൂപയും സീനിയര്‍ വിഭാഗത്തിന് 10000 രൂപ,7500 രൂപ ,5000 രൂപ എന്നീ തുകകളും സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്‌ക്കാരവും ഏപ്രില്‍ മാസത്തില്‍ നാദോപാസന നടത്തുന്നസ്വാതി നൃത്ത സംഗീതോത്സവത്തില്‍ സംഗീതകച്ചേരി അവതരിപ്പിക്കാനുള്ള വേദിയും നല്‍കുന്നതാണ് .കൂടാതെ ഒന്നാം സ്ഥാനം ലഭിക്കുന്ന സീനിയര്‍ മത്സരാര്‍ത്ഥി മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്ന അവരുടെ ഗുരുനാഥന് ശ്രീഗുരുവായൂരപ്പന്റെ മുദ്രണം ചെയ്ത് സ്വര്‍ണ്ണ മുദ്രയും നല്‍കുന്നതായിരിക്കും .സംഗീതമത്സരത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2019 ജനുവരി 10 ആണ്.അപേക്ഷകള്‍ക്കും മത്സരത്തില്‍ ആലപിക്കേണ്ട കൃതികളെ സംബന്ധിച്ചും മറ്റു നിബന്ധനകള്‍ക്കും www.nadopasana.co.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ് .ഇരിങ്ങാലക്കുടയില്‍ നടന്ന പത്രസമ്മേളനത്തില്‍ പി നന്ദകുമാര്‍,എ എസ് സതീശന്‍,സി നാരായണന്‍കുട്ടി,സോണിയാ ഗിരി ,ഷീല മേനോന്‍ എന്നിവര്‍ പങ്കെടുത്തു