പടിയൂര്‍: പഠിക്കാനും കളിക്കാനുമായി കുരുന്നുകളെത്തുന്നത് റോഡരുകിലെ വ്യാപരകേന്ദ്രത്തിലെ കടമുറിയില്‍. പടിയൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് ചെട്ടിയാല്‍ നോര്‍ത്തിലെ ചൈതന്യ അങ്കണവാടിയാണ് ഇപ്പോഴും ഇടുങ്ങിയ കടമുറിയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കുടുംബി സേവാസംഘത്തിന്റെ കീഴിലുള്ള ഷോപ്പിങ്ങ് കോംപ്ലക്സിലെ രണ്ട് മുറികളിലായി നാമമാത്രമായ വാടക നല്‍കിയാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 2007ല്‍ ആരംഭിച്ച അങ്കണവാടിയില്‍ ഇന്ന് 16 കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ കടമുറിയില്‍ വെള്ളവും വെളിച്ചവും ഇല്ല. സമീപത്തെ വീടുകളില്‍ നിന്നാണ് ആവശ്യത്തിന് വെള്ളം കൊണ്ടുവരുന്നത്. ആദ്യം റോഡരുകില്‍ വെച്ചായിരുന്നു കുട്ടികള്‍ക്കുള്ള ഭക്ഷണവും മറ്റും തയ്യാറാക്കിയിരുന്നത്. ഇതുകണ്ട് കുടുംബി സേവാസംഘം സമീപത്തെ മുറി അടുക്കളയായി ഉപയോഗിക്കാന്‍ അങ്കണവാടിക്ക് സൗജന്യമായി നല്‍കുകയായിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന അങ്കണവാടികളിലൊന്നാണ് ഇത്. നവംബര്‍ ഒന്ന് പ്രവേശനോത്സവം നടത്തുന്നതോടെ കൂടുതല്‍ കുട്ടികള്‍ എത്തുമെന്ന് അങ്കണവാടി അധ്യാപിക ഷിനി പറഞ്ഞു. കുട്ടികള്‍ക്ക് കളിക്കാനുള്ള സാധനങ്ങളോ സൗകര്യങ്ങളോ അങ്കണവാടിയിലില്ല. കഴിഞ്ഞ പ്രളയകാലത്ത് ഒരാളിലേറെ ഉയരത്തില്‍ വെള്ളം കയറിയതോടെ അങ്കണവാടിയിലെ ഫയലുകളും മറ്റും നശിച്ചുപോയി. ഈ അങ്കണവാടിക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തുനിന്നും അല്‍പംകൂടി തെക്കുമാറി അഞ്ച് സെന്റ് സ്ഥലം വാങ്ങിയിട്ട് വര്‍ഷങ്ങളായി. 2017 മാര്‍ച്ചില്‍ അങ്കണവാടി നിര്‍മ്മിക്കുന്നതിനായി മന്ത്രി ശിലാസ്ഥാപനവും നടത്തി. എന്നാല്‍ ഒന്നര വര്‍ഷം പിന്നീട്ടിട്ടും അങ്കണവാടി നിര്‍മ്മിക്കുന്നതിനുള്ള യാതൊരു നടപടികളും ആയിട്ടില്ല. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫണ്ടും സംയോജിപ്പിച്ച് 11 ലക്ഷം ചിലവഴിച്ചാണ് അങ്കണവാടി നിര്‍മ്മിക്കാന്‍ തിരുമാനിച്ചിരുന്നത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തിയാല്‍ ഫണ്ട് കിട്ടുമോയെന്ന ആശങ്കമൂലം ആരും കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്ന് മെമ്പര്‍ ഉഷ രാമചന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ആ ഫണ്ട് ഇല്ലാതായി. അങ്കണവാടി കെട്ടിടം നിര്‍മ്മിക്കാന്‍ അന്നെടുത്തിരുന്ന ഫൗണ്ടേഷനും കല്ലും കാടുപിടിച്ച് മൂടി പോയി. പഞ്ചായത്ത് മീറ്റിങ്ങ് കൂടുമ്പോഴെല്ലാം അങ്കണവാടിയുടെ കാര്യം ഭരണസമിതിക്ക് മുമ്പാകെ അവതരിപ്പിക്കാറുണ്ടെന്ന് മെമ്പര്‍ വ്യക്തമാക്കി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അങ്കണവാടി കെട്ടിട നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഡിസംബറില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ഉപവാസസമരം നടത്തി. എന്നാല്‍ അങ്കണവാടി നിര്‍മ്മാണം നീണ്ടുപോകുന്നതിനാല്‍ ഫണ്ട് ലഭ്യമാക്കാന്‍ എസ്റ്റിമേറ്റടക്കം പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ.യ്ക്ക് അപേക്ഷ നല്‍കിയീട്ടുണ്ടെന്ന് മെമ്പര്‍ പറഞ്ഞു. എന്നാല്‍ ആ കാര്യത്തിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല.