കേരളത്തിലെ നവേത്ഥാന പോരാട്ടങ്ങളില്‍ പ്രധാനമായ കുട്ടംകുളം സമരനായകന്‍ കെ.വി. ഉണ്ണി (96) അന്തരിച്ചു. ഇരിങ്ങാലക്കുട നടവരമ്പിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര സമരസേനാനി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, ട്രെയ്ഡ് യൂണിയന്‍ സംഘാടകന്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നി നിലകളില്‍ ആറുപതിറ്റാണ്ടുനീണ്ടുനിന്ന പൊതുപ്രവര്‍ത്തനത്തിനാണ് അന്ത്യം കുറിച്ചത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ഇരിങ്ങാലക്കുട എം.എല്‍.എ.യുമായിരുന്ന കെ.വി.കെ. വാരിയരാണ് ഉണ്ണിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാക്കി മാറ്റുന്നത്. മുനിസിപ്പാലിറ്റിയിലെ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് കെ.വി. ഉണ്ണി
1946 ജൂണ്‍ 23ന് ഐതിഹാസികമായ കുട്ടംകുളം സമരം നടക്കുന്നത്. 936ല്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചീട്ടും പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആരാധാന സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും വിലക്കിയിരുന്നു. ക്ഷേത്രത്തിന് മുന്‍വശത്തുള്ള കുട്ടംകുളം റോഡില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഒരു തീണ്ടല്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ വിലക്കിനെതിരെ സമരം നടത്താന്‍ തീരുമാനിച്ചു. എസ്.എന്‍.ഡി.പി.യും കെ.പി.എം.എസ്സും ഈ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം കൈകോര്‍ത്തു. പാര്‍ട്ടി നേതാക്കളായ പി.കെ. കുമാരന്‍, പി.കെ. ചാത്തന്‍ മാസ്റ്റര്‍, കെ.വി.കെ. വാരിയര്‍, പി. ഗംഗാധരന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ സമരത്തിന് നേതൃത്വം വഹിച്ചു. ജൂണ്‍ 23ന് അയ്യങ്കാവ് മൈതാനത്തുചേര്‍ന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തില്‍ പി. ഗംഗാധരന്റെ ആഹ്വാനപ്രകാരം കുട്ടംകുളം റോഡിലേക്ക് സമരഭടന്‍മാര്‍ എത്തി. കുപ്രസിദ്ധ നേതൃത്വത്തിലുള്ള വന്‍ പോലിസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരുന്നു. അവരേയും ഭേദിച്ചുകൊണ്ട് സമരക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പോലീസ് ഭീകരമായി മര്‍ദ്ദിച്ചു. ഉണ്ണിയേയും ഗംഗാധരനേയും വിളക്കുകാലില്‍ കെട്ടിയിട്ട് രാത്രിവരെ മര്‍ദ്ദിച്ചു. ഠാണാവിലെ പോലീസ് ലോക്കപ്പില്‍ അടച്ചു. 32 പേര്‍ക്കെതിരെ ഇതില്‍ കേസെടുത്തു. പിന്നീട് പനമ്പിള്ളി രാഘവമേനോന്‍ തിരുകൊച്ചി പ്രധാനമന്ത്രിയായതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചത്. പാര്‍ട്ടിനിരോധിച്ച 1951 വരെ കെ.വി. ഉണ്ണി ഒളുവില്‍ പാര്‍ത്തു. പോലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ചു. പാലിയം സമരത്തിലും നടവരമ്പ് കര്‍ഷക സമരത്തിലും പങ്കെടുത്തിരുന്നു. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചീട്ടുണ്ട്. ഇരിങ്ങാലക്കുട കല്ലുങ്ങല്‍ വേലാണ്ടി- കാളി ദമ്പതികളുടെ നാലാമത്തെ മകനാണ്. കുറച്ചുകാലം വൈദ്യം പഠിക്കുകയും ഠാണാവില്‍ അദ്ദേഹത്തിന്റെ ബന്ധുവിന്റെ സ്ഥാപനത്തില്‍ കണ്ണുചികിത്സ നടത്തുകയും ചെയ്തു. പവിത്രന്‍, ഹാരിഷ്, ജോതിഷ്, സിന്ധു, സ്വപ്ന എന്നിവരാണ് മക്കള്‍. മരുമക്കള്‍: റോസി, നിമ്മി, അനിമ, അജയകുമാര്‍ ഘോഷ്, മധു. ശവസംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.