കരുവന്നുര്‍ : ആചാരത്തനിമയോടെ നടന്ന പോത്തോട്ടോണം കാണികളെ ആവേശത്തിലാഴ്ത്തി. കാര്‍ഷിക അഭിവൃദ്ധിക്കും നാടിന്റെ അഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് അസുഖങ്ങള്‍ ഇല്ലാതിരിക്കാനുമായി വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ദേവീക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണമാണ് ജനങ്ങളെ ആവേശത്തിലാഴ്ത്തിയത്. കന്നിമാസത്തിലെ തിരുവോണ നാളിലാണ് പോത്തോട്ടോണം നടത്തുന്നത്. ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷമാണ് കര്‍ഷകര്‍ പോത്തുകളുമായി ക്ഷേത്രത്തില്‍ എത്തിയത്.മൂര്‍ക്കനാട്,പുറത്താട്,തേലപ്പിള്ളി,തളിയകോണം,മടായികോണം,മാപ്രാണം,തൊട്ടിപ്പാള്‍,രാപ്പാള്‍,നെടുംമ്പാള്‍,പറപ്പുക്കര,മുളങ്ങ്,ആറാട്ടുപുഴ,പനംങ്കുളം,എട്ടുമന,കരുവന്നുര്‍ തുടങ്ങി വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പോത്തുകള്‍ ദേവിക്കുമുന്നില്‍ ആര്‍ത്തോട്ടത്തിനുശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുത്തത്. പോത്തോട്ടക്കല്ലില്‍ പഴയകാലത്തിന്റെ കാര്‍ഷികോത്പന്നങ്ങളുടെ പ്രതീകമായ നെല്ലിന്‍ കറ്റക്ക് മുകളിലിരിക്കുന്ന ചടങ്ങുകളുടെ പാരമ്പര്യാവകാശിയായ വള്ളുവോന്‍ കല്പിക്കുന്നതിനെ തുടര്‍ന്ന് പോത്തുകള്‍ തറയ്ക്കു ചുറ്റും മൂന്ന് പ്രദക്ഷിണം ചെയ്ത് ശക്തി തെളിയിക്കും.പിന്നീട് ഉരുക്കളെയും, ദേശക്കാരെയും ഇളനീരും പൂവും, നെല്ലുമെറിഞ്ഞനുഗ്രഹിക്കുന്ന വള്ളുവോന്‍ ഉരുക്കളുടെ ശക്തിയെപ്പറ്റി ഊരാളനെ ധരിപ്പിക്കുന്നു. തുടര്‍ന്ന് അനുഗ്രഹ സൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് ഉരുക്കളുടെ ശക്തി ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്ന് കല്പന ചൊല്ലുന്നതോടെ ചടങ്ങുകള്‍ സമാപനമാവും.ഇതിനിടയില്‍ കര്‍ഷകര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തെ പിണക്കങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്ന പതിവുമുണ്ട്. സന്തോഷ സൂചകമായി പാടുന്ന പ്രശ്നവും പരിഹാരവും ഉള്‍ക്കൊള്ളുന്ന ഗ്രാമീണ ഗാനങ്ങക്ക് ചെണ്ടയും, മരവും, പറയും, ചെറുകുഴലും വാദ്യങ്ങളാകുന്നു.പണ്ടുകാലങ്ങളില്‍ കാര്‍ഷികവൃത്തിക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പുലയസമുദായത്തില്‍പ്പെട്ടവരുടെ മരുമക്കത്തായവ്യവസ്ഥയില്‍ പിന്തുടര്‍ച്ചക്കാരായി വരുന്ന വള്ളോന്‍മാരാണ് പോത്തോട്ടത്തിന് ഇരിക്കുക. പോത്തോട്ടത്തില്‍ പങ്കെടുക്കുന്ന ഉരുക്കളെ ദേവിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് അനുഗ്രഹിക്കും.