Home NEWS ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അമ്പതാം സ്‌ക്രീനിങ്ങിലേക്ക് ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് നാളെ പ്രദര്‍ശിപ്പിക്കും

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അമ്പതാം സ്‌ക്രീനിങ്ങിലേക്ക് ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് നാളെ പ്രദര്‍ശിപ്പിക്കും

ഇരിങ്ങാലക്കുട-ദേശീയ അന്തര്‍ദേശിയ അംഗീകാരം നേടിയ സിനിമകള്‍ ആസ്വാദകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അമ്പതാം സ്‌ക്രീനിങ്ങിലേക്ക്. കലാസാംസ്‌ക്കാരിക നഗരമായ ഇരിങ്ങാലക്കുടയില്‍ മികച്ച സിനിമകളുടെ അവതരണത്തിനായി ഒരു ഇടമില്ലെന്ന് തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര സ്നേഹികളുമാണ് 2017 ജൂണ് ഒമ്പതിന് ചേര്‍ന്ന യോഗത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം വീണ്ടും സജീവമാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വാടകയ്ക്കെടുത്ത സംവിധാനങ്ങളുമായി ജൂണ്‍ 18ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ ഒറ്റാല്‍ എന്ന മലയാള ചിത്രം പ്രദര്‍ശിപ്പിച്ചു. കെ.എസ്.ഇ. കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ സ്വന്തമാക്കിയ അത്യാധുനിക പ്രൊജക്റ്റര്‍ അടക്കമുള്ള സംവിധാനങ്ങളോടെ ഒക്ടോബര്‍ ഏഴിന് ലിപ്സ്റ്റിക് അണ്ടര്‍ മൈ ദുര്‍ക്ക എന്ന ഹിന്ദി ചിത്രത്തോടെ വെള്ളിയാഴ്ചകള്‍ തോറുമുള്ള സ്‌ക്രീനിങ്ങിന് ഫിലിം സൊസൈറ്റി തുടക്കമിട്ടു. തുടര്‍ന്നുള്ള ആഴ്ചകളില്‍ ശ്രദ്ധനേടിയ ഇംഗ്ലീഷ്, മലയാളം, ബംഗാളി, മറാത്തി, തമിഴ്, സ്പാനിഷ്, അറബിക്, ടര്‍ക്കിഷ്, പോളിഷ്, എത്യോപ്യന്‍, ജോര്‍ജ്ജിയന്‍ ചിത്രങ്ങളും ആസ്വാദകരെ തേടിയെത്തി. ഗബ്രിയല്‍ ഗാര്‍സിയോ മാര്‍ക്വിസിന്റെ നോവലുകളെ അവലംബിച്ച് ചിത്രീകരിച്ച ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ്, ലവ് ഇന്‍ ദി ടൈം ഓഫ് കോളറ, ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുന്ന ദി തിയറി ഓഫ് എവരിതിങ്ങ്, ഏണസ്റ്റ് ഹെമിങ്ങ് വേയുടെ കഥയെ അനുകരിച്ച് ചിത്രീകരിച്ച ദി ഓള്‍ഡ് മാന്‍ ആന്റ് ദി സീ തുടങ്ങിയ സ്‌ക്രീന്‍ ചെയ്ത ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. കന്യക ടാക്കീസ്, ഒഴിവുദിവസത്തെ കളി, ക്രൈം നമ്പര്‍ 89, ചായില്യം തുടങ്ങിയവയാണ് സ്‌ക്രീന്‍ ചെയ്ത പ്രധാന മലയാള ചിത്രങ്ങള്‍. ചായില്യത്തിന്റെ സ്‌ക്രീനിങ്ങിന് ശേഷം നടന്ന ചര്‍ച്ചയില്‍ സംവിധായകന്‍ മനോജ് കാന മുഖ്യാതിഥിയായി പങ്കെടുത്തു. ഇതിനിടയില്‍ അന്തര്‍ദ്ദേശിയ അംഗീകാരം വാരികൂട്ടിയ മലയാളി സംവിധായകന്‍ സനല്‍കുമാര്‍ ശശീധരന്റെ എസ്. ദുര്‍ഗ്ഗാ, പട്ടണത്തിലെ ചെമ്പകശ്ശേരി സിനിമാസില്‍ രണ്ട് ഷോ സ്‌ക്രീന്‍ ചെയ്യാനും ഫിലീം സൊസൈറ്റി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രീയ ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയ അള്‍ജീരിയന്‍ ചിത്രമായ ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് ആണ് അമ്പതാമത് ചിത്രമായി സെപ്തംബര്‍ 28 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നത്. 1995ലെ ഇസ്ലാമിക ഭരണകൂടത്തിന്റെ സ്ത്രീകളുടെ അവസ്ഥയും സ്്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനവുമാണ് ചിത്രത്തിന്റെ പ്രമേയം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രം പ്രവേശനമുള്ള രഹസ്യങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും പങ്കുവെക്കുന്ന കുളിപ്പുരയുടെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് അള്‍ജീരിയ സംവിധായിക റെയ്ഹാന ഒബാ മയോ കഥപറയുന്നത്. ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30നാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം.

 

Exit mobile version