പുല്ലൂരിന്റെ ബാല കൗമാരങ്ങളെ പുത്തന്‍ വെല്ലുവിളികളോട് പോരടിക്കാന്‍ പ്രാപ്തരാക്കുന്നതിന് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് പുല്ലൂര്‍.പുല്ലൂര്‍ വില്ലേജിലെ വിദ്യാലയങ്ങള്‍, അംഗനവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, കലാ-സാംസ്‌കാരിക സംഘടനകള്‍ എന്നിവയെ ആധുനിക സങ്കേതങ്ങളാല്‍ സമ്പന്നമാക്കുക, ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന വ്യക്തികളെ വിശിഷ്യാ കുട്ടികളേയും, സ്ത്രീകളേയും ശാരീരികമായും, മാനസികമായും ബൗദ്ധീകമായും ശാക്തീകരിക്കുക, ജൈവവൈവിധ്യ സംരക്ഷണം, ഹരിത പെരുമാറ്റച്ചട്ടം, ആരോഗ്യ സുരക്ഷ, പോഷകാഹാരസമൃദ്ധി, കായിക ക്ഷമത, വൈജ്ഞാനിക മികവ് എന്നിവ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 2018 സെപ്തംബര്‍ 19-ാം തിയ്യതി ബുധന്‍ രാവിലെ 10 മണിക്ക് പുല്ലൂര്‍ എസ്.എന്‍.ബി.എസ്. സമാജം സ്‌കൂളില്‍ തുടക്കം കുറിക്കുകയാണ്. സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ള സ്മാര്‍ട്ട് ക്ലാസ് റൂം, നക്ഷത്രവനം, കുഞ്ഞുമക്കള്‍ക്കൊരു ഫലവൃക്ഷം, ന്യൂട്രീഷന്‍ ഗാര്‍ഡന്‍, ഹരിത നിയമാവലിയിലേക്കൊരു കാല്‍വെയ്പ് തുടങ്ങിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. രാജ്യത്തെ സഹകരണ മേഖലയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായിട്ടാണ് ഒരു ഗ്രാമത്തെ സ്മാര്‍ട്ടാക്കാനുള്ള വിവിധ പദ്ധതികളുമായി ഒരു പ്രാഥമിക സഹകരണബാങ്ക് മുന്നോട്ട് വരുന്നത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സി.എന്‍.ജയദേവന്‍ എം.പി., പ്രശസ്ത കാര്യക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍, ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ,ജില്ലാപഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍, മുകുന്ദപുരം താലൂക്ക് സഹകരണ അസി.രജിസ്ട്രാര്‍ അജിത്കുമാര്‍, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സ്‌ക്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്നതായിരിക്കും.