Home NEWS മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാണയത്തുട്ടുകളുടെ ശേഖരം നല്‍കി അന്‍സാ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാണയത്തുട്ടുകളുടെ ശേഖരം നല്‍കി അന്‍സാ

ആനന്ദപുരം- ശ്രീകൃഷ്ണ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അന്‍സാ ഷിബുവിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഏറെ ശ്രദ്ധേയമായി . വേളാങ്കണ്ണി തീര്‍ത്ഥയാത്ര നടത്തുന്നതിനായി ഒരു വര്‍ഷമായി സമാഹരിച്ചു വരുന്ന നാണയത്തുട്ടുകളുടെ ശേഖരമായ നാലായിരത്തിലധികം രൂപയാണ് അന്‍സാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് . സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന അന്‍സയുടെ സംഭാവന സഹപാഠികള്‍ക്കു ഏറെ പ്രചോദനമായി . അന്‍സയുടെ പിതാവ് മുരിയാട് മാടാനി വീട്ടില്‍ ഷിബു മുരിയാട് കശുവണ്ടി കമ്പനിക്കു സമീപം പെട്ടിക്കട നടത്തി ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് മിച്ചം വച്ച നാണയത്തുട്ടുകളാണ് മകള്‍ക് സമ്പാദ്യ ശീലം വളര്‍ത്താനായി നല്‍കിയിരുന്നത് . വേളാങ്കണ്ണിയിലേക്കു തീര്‍ത്ഥയാത്ര നടത്തിയില്ലെങ്കിലും പ്രളയബാധിതരുടെ ഹൃദയങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യത്തിലാണ് അന്‍സായും കുടുംബവും ( മാതാവ് ഷിജി ഷിബു , സഹോദരന്‍ ആഷിക് ഷിബു )

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ച് തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍ ദുരിതാശ്വാസ നിധിയിലേക്കായി തുക ഏറ്റു വാങ്ങി . മുരിയാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി വി വത്സന്‍ മോളി ജേക്കബ് മാനേജ്‌മെന്റപ്രതിനിധി എ എന്‍ നീലകണ്ഠന്‍ നമ്പൂതിരി , ഹെഡ്മിസ്ട്രസ് പി കെ ബേബിമോള്‍ , സ്റ്റാഫ് സെക്രട്ടറി കെ ആര്‍ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു

 

Exit mobile version