Home NEWS വെളളപ്പൊക്കത്തിന്റെ ബാക്കി പത്രം : പടിയൂര്‍ പോത്താനി കിഴക്കേപ്പാടത്ത് നൂറ് ഏക്കര്‍ വിരിപ്പു ക്യഷി നശിച്ചു.

വെളളപ്പൊക്കത്തിന്റെ ബാക്കി പത്രം : പടിയൂര്‍ പോത്താനി കിഴക്കേപ്പാടത്ത് നൂറ് ഏക്കര്‍ വിരിപ്പു ക്യഷി നശിച്ചു.

ഇരിങ്ങാലക്കുട; പ്രളയം കടപ്പുഴക്കി എറിഞ്ഞ പടിയൂര്‍ പഞ്ചായത്തിലെ പോത്താനി കിഴക്കേപ്പാടത്തെ നൂറ് ഏക്കര്‍ സ്ഥലത്തെ വിരിപ്പു ക്യഷി പൂര്‍ണ്ണമായും നശിച്ചു. പടിയൂര്‍ പഞ്ചായത്തിലെ മൂന്ന്,നാല് വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ഈപ്രദേശം . വെളളപ്പൊക്കത്തില്‍ ഈപാടശേഖരത്തിന്റെ കമ്മട്ടിത്തോട് ലിഫ്റ്റ്് ഇറിഗേഷന്റെ 10 എച്ച്്.പി.മോട്ടോര്‍ പമ്പ്സെറ്റും സ്വിച്ബോര്‍ഡും അടക്കംമറ്റു സംവിധാനങ്ങളും മുഴു വന്‍ നശിച്ചു. പാടശേഖരത്തിന്റെ നെല്‍വിത്ത് സംഭരണിയില്‍ സൂക്ഷിച്ചിരുന്ന നെല്‍വിത്തും, , ഓഫീസ് സമാഗ്രികളും രേഖകളും നശിച്ചു. സീഡ്സ്റ്റോറിന്റെ ഷട്ടറിനും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടു ടില്ലറുകള്‍ വെളളം കയറി നശിച്ചു. പാടശേഖരത്തിന്റെ ഫാം റോഡുകള്‍ മൂന്നു കിലോമീറ്ററോളം സഞ്ചാര യോഗ്യമല്ലതായി. കമ്മട്ടിത്തോടുമുതല്‍ തേമാലിത്തറ വരെയുളള രണ്ടു കിലോ മീറ്ററോളം തോടിന്റെ ഇരുഭാഗത്തെ ബണ്ടുകളും നാമശേഷമായി. ജലസേചനത്തിന് ഉപയോഗിച്ചിരുന്ന പതിനഞ്ചോളം പമ്പ്സെറ്റുകളും നശിച്ചു. മഴവെളളപ്പാച്ചല്ലില്‍ കൂത്തുമാക്കല്‍ റെഗുലേറ്ററില്‍ ഉണ്ടായ തടസ്സം തക്കസമയത്ത് നീക്കം ചെയ്യാത്തതാണ് ഈനാശത്തിന് കാരണം. നെല്‍ക്യഷിയും മററ് സസ്യജാലങ്ങളും കരിഞ്ഞുണങ്ങിയ നിലയിലാണ ഇപ്പോള്‍ നില്‍ക്കുന്നത്. വടക്കു നിന്ന് കാട്ടൂര്‍സൊസൈറ്റിയുടെ വളം,കളനാശിനി,കീടനാശിനി ഗോഡണില്‍ വെളളം കയറിയതുമൂലം അവിടെ നിന്നും പുറത്തേക്ക് ഒഴുകിയ വിഷം കലര്‍ന്ന മലിന ജലമായിരിക്കാം ഇതിനു കാരണമെന്ന് ജനങ്ങള്‍ സംശയിക്കുന്നു.പടിയൂര്‍ പഞ്ചായത്തിലെ മിക്കവാറും എല്ലാ കിണറുകളും മുങ്ങിയതു മൂലം അവയില്‍ മലിനജലവും കക്കൂസ്, ഓടകള്‍ തുടങ്ങിവയിലെ മാലിന്യങ്ങളും കലര്‍ന്നിരിക്കുന്നു. ഇതുമൂലം പഞ്ചായത്തിലെ കുടി വെളള പ്രശ്നം രുക്ഷമാണ്.ക്യഷിനാശം സംഭവിച്ച നെല്‍ചെടികള്‍ നീക്കം ചെയ്യുന്നതിനും അടുത്ത വിള ഇറക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ നടപടികള്‍ അധിക്യതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് പോത്താനി പാടശേഖരകമ്മിറ്റി ആവശ്യപ്പെട്ടു. പാടശേഖരത്തില്‍ നിന്നും വെളളം പോകുന്നതിനുളള പ്രധാനമാര്‍ഗ്ഗമായ ചേലൂര്‍ പളളിയുടെ പടിഞ്ഞാറുഭാഗത്തുളള തോടുകളും നിലങ്ങളും അടുത്ത കാലത്തായിട്ടാണ് മണ്ണിട്ട് നികത്തിയത് . ഇതാണ് പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന കര്‍ഷകരുടെ വീടുകളിലേക്ക് വെളളം കയറി നശിക്കുന്നതിനു കാരണമായതെന്ന് പാടശേഖരകമ്മിറ്റി വ്യക്തമാക്കി.ഇതിനും പരിഹാരം കാണണമെന്ന് കമ്മിററിആവശ്യപ്പെട്ടു. യോഗത്തില്‍ പാടശേഖരകമ്മിററി പ്രസിഡണ്ട് ഒ.എസ്.വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം കെ.എസ്.രാധാക്യഷ്ണന്‍, പടിയൂര്‍ പഞ്ചായത്ത് വികസനകാര്യസമിതി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.ബിജു, വി.സി.വിനോദ്, സെക്രട്ടറി കെ.വി.മോപനന്‍ എന്നിവര്‍ സംസാരിച്ചു

 

Exit mobile version