ഇരിങ്ങാലക്കുട- മഹാപ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറി ദുരിതം അനുഭവിക്കേണ്ടി വന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര ധനസഹായം അനുവദിക്കുന്നതിനായി ദുരിതബാധിതരുടെ സര്‍വ്വെ റവന്യൂ വകുപ്പ് നടത്തുന്നുണ്ട്. ഓരോ വില്ലേജ് ഓഫീസിനു കീഴിലും നിശ്ചയിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) ദുരിതബാധിതരുടെ വീടുകളിലെത്തി വിവരശേഖരണം നടത്തും.അവര്‍ വീടുകളിലെത്തുമ്പോള്‍ ഗൃഹനാഥന്/ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് (IFSC കോഡ് ഉള്ളത്), റേഷന്‍ കാര്‍ഡ്, ആധാര്‍ / ഇലക്ഷന് ID കാര്‍ഡ്, സംഭവിച്ച നാശനഷ്ടങ്ങളുടെ വിവരങ്ങള്‍, നഷ്ടപ്പെട്ട രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍, കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ ,മൊബൈല്‍ നമ്പര്‍ തുടങ്ങി 23 ഓളം വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്കുമെന്നതിനാല് ബാങ്ക് അക്കൗണ്ട് ഉള്ള ആള് തന്നെ അപേക്ഷകനാകണം. ബാങ്ക് പാസ്സ് ബുക്കിന്റെ ഒരു കോപ്പിയും കരുതണം. ജനപ്രതിനിധികളും, പൊതുപ്രവര്‍ത്തകരും BLO മാരോടൊപ്പം അവരെ സഹായിക്കാന്‍ ഇറങ്ങുന്നതായിക്കും.