Home NEWS ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. പോള്‍ ചെറുവത്തൂര്‍ നിര്യാതനായി

ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. പോള്‍ ചെറുവത്തൂര്‍ നിര്യാതനായി

ഇരിങ്ങാലക്കുട- രൂപതാംഗമായ ഫാ. പോള്‍ ചെറുവത്തൂര്‍ (59) നിര്യാതനായി. 22-8-2018 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 4.45ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ബഹുമാനപ്പെട്ട അച്ചന്റെ മൃതദേഹം 2018 ആഗസ്റ്റ് 23ന് വ്യാഴാഴ്ച ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയോട് അനുബന്ധിച്ചുള്ള സെന്റ് ജോസഫ് വൈദികഭവനില്‍ വൈകുന്നേരം 5 മണിയ്ക്കും, തുടര്‍ന്ന് 6 മണിയ്ക്ക് നോര്‍ത്ത് ചാലക്കുടിയിലുള്ള ബഹു. പോളച്ചന്റെ തറവാടുഭവനത്തിലും (ചെറുവത്തൂര്‍ ഈനാശു ജോണ്‍സന്റെ (ഹമലേ)) പൊതുദര്‍ശനത്തിന് വെയ്ക്കുന്നതാണ്. മൃതസംസ്‌ക്കാര ശുശ്രൂഷാകര്‍മ്മത്തിന്റെ ആദ്യഭാഗം 24.08.2018 വെള്ളിയാഴ്ച കാലത്ത് 11.30ന് പ്രസ്തുത ഭവനത്തില്‍നിന്ന് ആരംഭിക്കും. പിന്നീട്, ഉച്ചയ്ക്ക് 12 മണി മുതല്‍ 2.30 വരെ നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ്സ് ദൈവാലയത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് വെയ്ക്കുന്നതാണ്. ദൈവാലയത്തില്‍വച്ച് ഉച്ചകഴിഞ്ഞ് 2.30നുള്ള വി.കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കുംശേഷം നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ്സ് ഇടവകപള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്. നോര്‍ത്ത് ചാലക്കുടി ഇടവകാംഗമായ ബഹു. പോളച്ചന്‍ 1959 ജൂണ്‍ 30ന് ചെറുവത്തൂര്‍ ഈനാശു- മേരി ദമ്പതികളുടെ മകനായി നോര്‍ത്ത് ചാലക്കുടിയില്‍ ജനിച്ചു. തൃശ്ശൂര്‍ തോപ്പ് സെന്റ് മേരിസ് മൈനര്‍ സെമിനാരിയിലും, കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദികപരിശീലനം നേടി.

1985 ഡിസംബര്‍ 28ന് അഭിവന്ദ്യ ജെയിംസ് പഴയാറ്റില്‍ പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച അദ്ദേഹം എടത്തിരുത്തി ഫൊറോന, പൂവ്വത്തുശ്ശേരി, കുറ്റിക്കാട് ഫൊറോന, മാള ഫൊറോന എന്നിവിടങ്ങളില്‍ അസ്തേന്തിയായും ഊരകം, കല്ലംകുന്ന്, കനകമല, ലൂര്‍ദ്ദുപുരം, മുരിക്കിങ്ങല്‍, പുത്തന്‍വേലിക്കര ഇന്‍ഫന്റ് ജീസസ്, കരോട്ടുകര, തൂമ്പാക്കോട്, മുനിപ്പാറ, കാരൂര്‍, പുളിങ്കര, തെക്കന്‍ താണിശ്ശേരി, കൊറ്റനെല്ലൂര്‍, പൂവ്വത്തുശ്ശേരി എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി സന്യാസഭവനങ്ങളുടെ കപ്ലോനുമായിരുന്നു.

സണ്ണി, ജോണ്‍സണ്‍(ഹമലേ), ബീന, ബഹു. ഫാ. ബെന്നി ചെറുവത്തൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

 

Exit mobile version