ഇരിങ്ങാലക്കുട : കെഎല്‍ഡിസി കനാലിലെ വെള്ളം ബണ്ട് തകര്‍ത്ത് ഒഴുകുന്നതിനാല്‍ പടിയൂര്‍, പൂമംഗലം, കാറളം എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വെള്ളമൊഴിയുന്നില്ല. താണിശേരി ഹരിപുരംഅമ്പലത്തിനു മുന്‍പിലെ ബണ്ട് തകര്‍ന്ന് തെക്കോട്ട് ഒഴുകുന്ന വെള്ളം പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലേയും വടക്കോട്ട് ഒഴുകുന്ന വെള്ളം കാറളം പഞ്ചായത്തിലേയും താഴ്ന്ന പ്രദേശങ്ങളെ പ്രളയത്തിലാക്കുകയാണ്. ബണ്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലമാണ് കനോലികനാലിലെത്തേണ്ട വെള്ളം ഈ പഞ്ചയാത്തുകളിലേക്ക് എത്തുന്നത്. ഗെയിന്‍ പൈപ്പ് നിര്‍മ്മാണതിനായി വലിയവാഹനങ്ങള്‍ ഇതിലെ പോയിട്ടാണ് ബണ്ടിന് ബലക്ഷയമുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. മറ്റ് പ്രദേശങ്ങളിലെ താഴ്ന്നപ്പോഴും കല്ലട, ഹരിപുരം, താണിശ്ശേരി, പോത്താനി, ചേലൂര്‍, അരിപ്പാലം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ചേലൂരിനും എടത്തിരിഞ്ഞിപോസ്റ്റ് ഓഫീസിനുമടിയില്‍ കനാല്‍ വെള്ളം സംസ്ഥാപാത മുറിച്ച് ഒഴുകുകയാണ്. അതിനാല്‍ ഇരിങ്ങാലക്കുട- മൂന്നുപീടിക റോഡില്‍ ഇതുവരേയും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ബണ്ട് പൊട്ടി വെള്ളം ഒഴുകുന്നതിന് അടിയന്തിരമായി പരിഹാരംകണ്ടില്ലെങ്കില്‍ ഈ പഞ്ചായത്തുകളിലെ ഒട്ടേറെ വീടുകള്‍ തകര്‍ന്നടിയുന്നതിനും കന്നുകാലികള്‍ ചത്തുപൊങ്ങുന്നതിനും കാരണമാകും.