Home NEWS ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇല്ലംനിറ ഭക്തി സാന്ദ്രമായി ,അഷ്ടദ്രവ്യ മഹാഗണപതിഹോമം ആഗസ്റ്റ് 15ന്.

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇല്ലംനിറ ഭക്തി സാന്ദ്രമായി ,അഷ്ടദ്രവ്യ മഹാഗണപതിഹോമം ആഗസ്റ്റ് 15ന്.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. രാവിലെ 8 മണിക്ക് നമസ്‌കാര മണ്ഡപത്തില്‍ വെച്ചുള്ള ഗണപതിപൂജയോടെയാണ് ഇല്ലം നിറയ്ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയുടെ ഇലകള്‍ മണ്ഡപത്തില്‍ സമര്‍പ്പിച്ച് ലക്ഷ്മി പൂജക്ക് തുടക്കം കുറിച്ചു.ആറാട്ടുപുഴ പൂരപ്പാടത്തു നിന്നും ഇല്ലം നിറയക്ക് കൊയ്‌തെടുത്ത കതിര്‍ കറ്റകള്‍ ഭക്തര്‍ പുല്ലും പതിരും കളഞ്ഞ് വൃത്തിയാക്കി ക്ഷേത്രഗോപുരത്തില്‍ തയ്യാറാക്കി വെച്ചിരുന്നു. ക്ഷേത്ര ഗോപുരത്തില്‍ തയ്യാറാക്കി വച്ചിരുന്ന കതിര്‍ക്കറ്റകള്‍ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തി. കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ഭക്തജനങ്ങളുടേയും അകമ്പടിയോടെ മേല്‍ശാന്തിയും കീഴ്ശാന്തിമാരും കറ്റകള്‍ ശിരസ്സിലേറ്റി ക്ഷേത്ര മതില്‍ക്കകത്ത് പ്രദക്ഷിണം വെച്ച് ചുറ്റമ്പലത്തിനകത്തേക്ക് ആനയിച്ചു. ക്ഷേത്രത്തിനുള്ളില്‍ പ്രദക്ഷിണം ചെയ്തു കതിര്‍ക്കറ്റകളെ നമസ്‌കാര മണ്ഡപത്തില്‍ ഇറക്കി എഴുന്നെള്ളിച്ചു. അവിടെ വെച്ച് ലക്ഷ്മിപൂജ പൂര്‍ത്തിയാക്കിയ ശേഷം പൂജിച്ച കതിരുകള്‍ ശ്രീകോവിലില്‍ ശാസ്താവിന് സമര്‍പ്പിച്ചു. ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകള്‍ സമര്‍പ്പിച്ചതിനു ശേഷം നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കി. പ്രസാദമായി ലഭിച്ച കതിരുകള്‍ സ്വന്തം ഗൃഹങ്ങളില്‍ നിലവിളക്കിന്റെ സാന്നിദ്ധ്യത്തില്‍ സ്ഥാപിക്കുന്നത് ഐശ്വര്യ പ്രദമാണ് എന്നാണ് ഭക്തരുടെ വിശ്വാസം. മേല്‍ശാന്തി കൂറ്റംപ്പിള്ളി പത്മനാഭന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഏറന്നൂര്‍ സംഗമേശന്‍ നമ്പൂതിരി സഹകാര്‍മ്മികത്വം വഹിച്ചു.ഇല്ലം നിറയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വെളുപ്പിന് ചുറ്റുംവിളക്ക് ഉണ്ടായിരിന്നു.ആറാട്ടുപുഴ പൂരപ്പാടം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ആറാട്ടുപുഴ പൂരപ്പാടത്ത് വിളയിച്ചെടുത്ത കതിര്‍ കറ്റകളാണ് ഇക്കുറി ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇല്ലം നിറക്ക് എടുത്തത്. നിരവധി വര്‍ഷമായി ആറാട്ടുപുഴ പൂരപ്പാടത്ത് കൃഷി മുടങ്ങി കിടന്നിരുന്നതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നാണ് ഇല്ലം നിറക്കുള്ള കതിര്‍കറ്റകള്‍ കൊണ്ടു വന്നിരുന്നത്. ആറാട്ടുപുഴ ക്ഷേത്രം ഉള്‍പ്പെടെയുള്ള മറ്റു എല്ലാ ക്ഷേത്രങ്ങള്‍ക്കും ആവശ്യാനുസരണം ആറാട്ടുപുഴ പൂരപ്പാടത്ത് വിളയിച്ച കതിര്‍കറ്റകള്‍ തന്നെ ഇല്ലം നിറക്ക് വേണമെന്ന കര്‍ഷക സംഘത്തിന്റെ ആഗ്രഹമാണ് ഇത്തവണ ഫലപ്രാപ്തിയിലെത്തിയത്. ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം ആഗസ്റ്റ് 15ന് നടത്തുന്നു. ദൈനംദിന ജീവിതത്തില്‍ ഭക്തര്‍ക്കുണ്ടാകുന്ന സര്‍വ്വ വിഘ്‌നങ്ങളെയും അകറ്റി ഐശ്വര്യ പൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ വേണ്ടിയാണ് രാമായണമാസമായ കര്‍ക്കടകത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തുന്നത്.കൊട്ടത്തേങ്ങ, ശര്‍ക്കര, അവില്‍, മലര്‍, തേന്‍, എള്ള്, നെയ്യ്, കദളിപ്പഴം, കരിമ്പ്, ഗണപതി നാരങ്ങ എന്നിവയുടെ കൂട്ടും അപ്പവും അടയും വിഘ്‌നേശ്വരന് ഹോമിക്കുകയും നിവേദിക്കുകയും ചെയ്യും. രാവിലെ 4ന് ആരംഭിക്കുന്ന ഗണപതി ഹോമത്തില്‍ ഭക്തര്‍ക്ക് അവരവരുടെ പേരിലും നക്ഷത്രത്തിലും ഗണപതി ഹോമം നടത്താനുളള അവസരവും ഇതോടൊന്നിച്ചുണ്ടാകും. തന്ത്രി കെ.പി കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മഹാഗണപതിഹോമം നടക്കുന്നത്. മഹാഗണപതിഹോമത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വെളുപ്പിന് 5ന് ചുറ്റുവിളക്ക്, വിശേഷാല്‍ നിറമാല, പ്രത്യേക പൂജകള്‍, ശ്രീലകത്ത് നെയ് വിളക്ക്, ശാസ്താവിന് അട നിവേദ്യം എന്നിവയുമുണ്ടാകും.ഹോമത്തിനു ശേഷം 7.30ന് പ്രസാദ വിതരണവും ഉണ്ടാകും.

 

 

Exit mobile version