പടിയൂര്‍ : നിയോജക മണ്ഡലത്തില്‍ കുടിവെള്ളക്ഷാമത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പടിയൂര്‍ പഞ്ചായത്തില്‍ സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തികരണത്തിന്റെ പേരില്‍ വ്യാജപ്രചരണം.13 വര്‍ഷകാലമായി പഞ്ചായത്തില്‍ പുതിയ ഗാര്‍ഹിക വാട്ടര്‍ കണക്ഷനുകള്‍ നല്‍കാറില്ല.സമഗ്ര കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലാണ് എന്നാല്‍ പദ്ധതി പൂര്‍ത്തിയായെന്നും ഉടന്‍ വാട്ടര്‍ കണക്ഷന്‍ ലഭിയ്ക്കുമെന്നും പ്രദേശത്തെ പ്ലംബ്ലര്‍മാര്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പ്ലംബ്ലിങ്ങ് ജോലികള്‍ ലഭിയ്ക്കുന്നതിനായി നോട്ടീസ് വിതരണം നടത്തിയതിനെ തുടര്‍ന്ന് ഒട്ടനവധി അന്വേഷണങ്ങളാണ് വാട്ടര്‍ അതോററ്റിയിലേയ്ക്കും പഞ്ചായത്തിലേയ്ക്കും എത്തുന്നത്.പദ്ധതി പൂര്‍ണ്ണമായും കമ്മീഷന്‍ ചെയ്തതിന് ശേഷം മാത്രമേ പുതിയ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് അപേക്ഷ ക്ഷണിക്കുകയുള്ളു എന്നും ഇത് മാധ്യമങ്ങള്‍ വഴിയും ജനപ്രതിനിധികള്‍ വഴിയും അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമായിരിക്കുമെന്ന് വാട്ടര്‍ അതോററ്റി അസി.എഞ്ചിനിയര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.