ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീശാസ്താ സംഗീതോത്സവം ആരംഭിച്ചു. വൈകീട്ട് 6.30 ന് ശ്രീശാസ്താ സംഗീത മണ്ഡപത്തില്‍ വെച്ച് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഭദ്രദീപം കൊളുത്തി പതിനാറാമത് സംഗീതോല്‍സവത്തിന് തുടക്കം കുറിച്ചു.ആറാട്ടുപുഴ, പല്ലിശ്ശേരി, പനംകുളം, ഞെരുവിശ്ശേരി ദേശങ്ങളില്‍ എസ് എസ് എല്‍ സി, സി ബി എസ് ഇ, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ 14 വിദ്യാര്‍ത്ഥികള്‍ക്ക് സമിതിയുടെ വക ഉപഹാരങ്ങള്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ സമ്മാനിച്ചു.2017 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡിനര്‍ഹനായ മേള പ്രമാണി പെരുവനം സതീശന്‍മാരെ സമിതിയുടെ ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ലോഹിതാക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ദേവ സംഗമ സമിതി പ്രസിഡന്റ് എ.എ കുമാരന്‍, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഓഡിറ്റര്‍ അഡ്വ. കെ. സുജേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പെരുവനം സതീശന്‍മാരാര്‍, പാര്‍വ്വതി രാജ്, കൃഷ്ണപ്രസാദ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഏ.ജി. ഗോപി സ്വാഗതവും ദേവസ്വം ഓഫീസര്‍ സുരേഷ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് തിരുവില്ല്വാമല മുരളീധരന്‍, കൊടുന്തിരപ്പിള്ളി വെങ്കിടേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഉണ്ടായിരുന്നു.12, 13, 14 തിയ്യതികളില്‍ സംഗീതോത്സവം തുടരും.