ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദുക്‌റാന ഊട്ടുതിരുന്നാളിന് കൊടിയേറി. ഞായറാഴ്ച്ച രാവിലെ നടന്ന ആഘോഷമായ കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ പതാക ഉയര്‍ത്തി. തിങ്കളാഴ്ച്ച വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബ്ബാന,സന്ദേശം, ലദീഞ്ഞ് , നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവ നടക്കും. തിരുനാള്‍ ദിനമായ ചൊവ്വാഴ്ച്ച രാവിലെ ആറിന് കത്തീഡ്രലിലും, വൈകീട്ട് അഞ്ചിന് സ്പിരിച്ച്വാലിറ്റി സെന്ററിലും വിശുദ്ധ കുര്‍ബ്ബാന നടക്കും. രാവിലെ 7.15 ന് അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ പിതാവ് റൂബി ജൂബിലി സ്മാരകമായ ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് നടത്തും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, വി. കുര്‍ബാന, ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പ്, ഡിജിറ്റല്‍ ലൈബ്രറിയുടെ വെഞ്ചിരിപ്പ് എന്നിവ ബിഷപ്പ് നിര്‍വ്വഹിക്കും. 10നുള്ള ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്കു റവ. ഫാ. ലിന്റോ പാറേക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. റവ. ഫാ. ബിബിന്‍ കളമ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലിലാണ് ഊട്ടു സദ്യ ക്രമീകരിച്ചിരിക്കുന്നത്. ഇരുപത്തി അയ്യായിരം പേര്‍ക്ക് സൗജന്യ ദുക്‌റാന നേര്‍ച്ചയൂട്ട് നല്‍കും.